ആലപ്പുഴ: ഇരവുകാട് കിഴക്കേ പൂണിയിൽ സേതുവും ഏഴാം ക്ലാസ്സുകാരി മകളും ഇനി മഴയത്ത് നനഞ്ഞൊലിക്കേണ്ടതില്ല. എസ്.ഡി കോളേജ് എൻ.എസ്.എസ് യൂണിറ്റാണ് അടച്ചുറപ്പുള്ള വീട് ഇവർക്കായി നിർമ്മിച്ചു നൽകിയത്.
ഇരവുകാട് വാർഡ് കൗൺസിലർ ഇന്ദു വിനോദാണ് ഈ കുടുംബത്തിൻ്റെ ദൈന്യത എൻ.എസ്.എസ് യൂണിറ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സർക്കാരിന്റെ ധനസഹായം ലഭിച്ചിരുന്നെങ്കിലും വീടിന്റെ പണി പൂർത്തിയാക്കാനായില്ല. സേതു വീട്ടുജോലിക്ക് പോയാണ് രോഗിയായ ഭർത്താവും അമ്മയും മകളും അടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്. എൻ.എസ്.എസ് യുണിറ്റ് പ്രവർത്തകരായ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രവർത്തനം വഴി സമാഹരിച്ച 2.5 ലക്ഷം രൂപയും എസ്.ഡി കോളേജ് മാനേജ്മെൻറ് നൽകിയ അൻപതിനായിരം രൂപയും വീടിനായി വിനിയോഗിച്ചു. വീടിന്റെ താക്കോൽ ദാന ചടങ്ങ് നാളെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.വീണ.ജെ, ഡോ.ലക്ഷ്മി.എസ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഡി.കോളേജ് പ്രിൻസിപ്പൽ ഡോ.ടി.ആർ.ഉണ്ണികൃഷ്ണപ്പിള്ള നിർവഹിക്കും. പി.കൃഷ്ണകുമാർ(മാനേജർ, എസ്.ഡി.കോളേജ്) ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജി.പി.സജിത്ത് ബാബു (എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ കേരളം - ലക്ഷദ്വീപ്), ഡോ.ഷാജി.എ (എൻ.എസ്.എസ് കോ-ഓർഡിനേറ്റർ കേരള യൂണിവേഴ്സിറ്റി) എന്നിവർ ഓൺലൈനിലൂടെ പങ്കെടുക്കും. ടി.ആർ.കൃഷ്ണൻ,പ്രൊഫ:രാമാനന്ദ്, ഡോ.ടി.ആർ.അനിൽകുമാർ ,ഡോ.പി.എസ്.പരമേശ്വരൻ,രഘുകുമാർ എന്നിവർ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന ഗൃഹപ്രവേശ ചടങ്ങ് ഇരവുകാട് വാർഡ് കൗൺസിലർ ഇന്ദു വിനോദ് ഉദ്ഘാടനം ചെയ്യും.