അക്ഷരങ്ങളെ അഗ്നിയായി ജ്വലിപ്പിച്ച പത്രാധിപർ കെ.സുകുമാരനെ കാലം ഏറ്റുവാങ്ങിയിട്ട് 39 ആണ്ട് തികയുന്നു. അവശജനവിഭാഗങ്ങൾക്ക് വേണ്ടി ഇപ്പോഴും അണയാതെ എരിയുന്ന കനലുകളാണ് പത്രാധിപരുടെ അക്ഷരങ്ങളും വാക്കുകളും. ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണത്തിലൂടെ അധികാര വർഗം പിന്നാക്ക വിഭാഗങ്ങൾക്ക് മേൽ വീണ്ടും ആപ്പ് അടിച്ചുകയറ്റുമ്പോൾ കുളത്തൂർ ശ്രീനാരായണ വായനശാല അങ്കണം വീണ്ടും മനസിൽ തെളിയുന്നു. 1958ൽ ശ്രീനാരായണ വായനശാല അങ്കണത്തിൽ നടന്ന മഹാസമാധി ദിനാചരണത്തിൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനെ വേദിയിലിരുത്തി പത്രാധിപർ സാമ്പത്തിക സംവരണത്തിനെതിരെ നടത്തിയ അഗ്നിപുരണ്ട പ്രസംഗം. ഇ.എം.എസ് സർക്കാർ നിയോഗിച്ച ഭരണപരിഷ്കാര കമ്മിഷന്റെ റിപ്പോർട്ടിനെ ചുട്ടുചാമ്പലാക്കിയ പത്രാധിപരുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗം. പിന്നാക്കക്കാരുടെ അവകാശങ്ങൾ കവർന്നെടുത്ത് സാമ്പത്തിക സംവരണം നിയമമായി മാറുമ്പോൾ പത്രാധിപരുടെ കുളത്തൂർ പ്രസംഗം വീണ്ടും മുഴങ്ങണം. ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ ചുട്ടുചാമ്പലാക്കാൻ പത്രാധിപർ ജീവിച്ചിരുന്നെങ്കിൽ എന്നും ആഗ്രഹിക്കുന്നു.
സംവരണം ദാരിദ്റ്യ നിർമ്മാർജ്ജന പദ്ധതിയോ പാവപ്പെട്ടവർക്കുള്ള സാമ്പത്തിക സഹായ വിതരണ പദ്ധതിയോ അല്ല. അവർണർക്ക് അക്ഷരാഭ്യാസവും ഈശ്വരാരാധനയും പൊതുനിരത്തിലൂടെ നടക്കാനും അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു.നൂറ്റാണ്ടുകളോളം ചാതുർവർണ്യത്തിന്റെ ഇരകളായി ചവിട്ടി മെതിക്കപ്പെട്ട ഈ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. ഇവർക്ക് സാമൂഹ്യനീതിയും അധികാരത്തിൽ പങ്കാളിത്തവും തൊഴിൽ അവസരങ്ങളും വിദ്യാഭ്യാസവും തുല്യതയും ലഭ്യമാക്കുകയാണ് സംവരണത്തിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. ജാതിയായിരുന്നു അവകാശം നിഷേധിച്ചിരുന്നതിന്റെ അടിസ്ഥാനം. അതുകൊണ്ട് തന്നെ ജാതി അടിസ്ഥാനമാക്കിയാണ് സംവരണം വ്യവസ്ഥ ചെയ്തത്.
സ്വാതന്ത്ര്യം ലഭിച്ച് 30 വർഷങ്ങൾക്ക് ശേഷം 1980ൽ മണ്ഡൽ കമ്മിഷൻ നടത്തിയ കണക്കെടുപ്പിൽ രാജ്യത്തെ 52 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ കേന്ദ്ര സർക്കാർ ഉദ്യോഗങ്ങളിലെ പങ്കാളിത്തം കേവലം 4.69 ശതമാനം ആയിരുന്നു. ഇതിനിടയിൽ നിരവധി സമുദായങ്ങൾ ഒ.ബി.സി പട്ടികയിലേക്കെത്തി. ഇതോടെ ഒ.ബി.സി വിഭാഗങ്ങൾ രാജ്യത്തെ ജനസംഖ്യയുടെ 55 ശതമാനമായി ഉയർന്നു. 2019-ൽ പിന്നാക്ക വിഭാഗങ്ങളുടെ പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ വിവിധ മന്ത്രാലയങ്ങൾ സമർപ്പിച്ച കണക്ക് പ്രകാരം ഗ്രൂപ്പ് എ തസ്തികകളിൽ കേവലം 13 ശതമാനം മാത്രമാണ് ഒ.ബി.സി വിഭാഗക്കാരുള്ളത്. അതായത് സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പൂർത്തിയാകുമ്പോഴും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗം അധികാര സ്ഥാനങ്ങളിൽ തീരെ ന്യൂനപക്ഷമാണ്. യാഥാർത്ഥ്യം ഇതായിരിക്കെയാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നത്. ഇന്ത്യൻ പാർലമെന്റിൽ 2019ൽ അവതരിപ്പിച്ച സാമ്പത്തിക സംവരണ ബില്ലിനെതിരെ പിന്നാക്കക്കാരുടെ വോട്ട് വാങ്ങി വിജയിച്ചവർ ഒരക്ഷരം ഉരിയാടിയതുമില്ല. അപ്പോഴാണ് പതിറ്റാണ്ടുകൾക്ക് മുൻപ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി സാമ്പത്തിക സംവരണ നീക്കത്തെ പൊളിച്ചടുക്കിയ പത്രാധിപർ പ്രസക്തനാകുന്നത്. അദ്ദേഹത്തിന്റെ ആത്മധൈര്യവും പിന്നാക്ക ആഭിമുഖ്യവും കാലിക പ്രസക്തമാകുന്നത്.
രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തോളം ഒ.ബി.സി വിഭാഗങ്ങളും പട്ടികജാതി പട്ടികവർഗ്ഗക്കാരുമാണ്. ബാക്കി ഇരുപത് ശതമാനം മാത്രമാണ് മുന്നാക്ക വിഭാഗക്കാർ. പക്ഷേ 80 ശതമാനം അധികാര സ്ഥാനങ്ങളിലും മുന്നാക്കക്കാരാണ്. ഇതിനിടയിലാണ് 10 ശതമാനം സാമ്പത്തിക സംവരണം കൂടി ഇക്കൂട്ടർക്ക് അനുവദിക്കുന്നത്. പിന്നാക്കക്കാരുടെ പിന്തുണയോടെ അധികാരത്തിൽ വന്ന കേരളത്തിലെ ഇടത് സർക്കാരും കൊടുംചതിയാണ് കാട്ടിയത്. മുന്നാക്ക വിഭാഗക്കാർ കുത്തകയാക്കി വച്ചിരിക്കുന്ന ദേവസ്വം ബോർഡുകളിൽ വീണ്ടും പത്ത് ശതമാനം കൂടി സാമ്പത്തിക സംവരണം അവർക്ക് സമ്മാനിച്ചു. കേരളത്തിലെ ജനസംഖ്യയുടെ 19 ശതമാനം മാത്രമാണ് മുന്നാക്കക്കാർ. ഇവർക്ക് ദേവസ്വം ബോർഡിൽ പത്ത് ശതമാനം അധികസംവരണം കൂടി നൽകി പിന്നാക്കക്കാരെ വീണ്ടും അധികാരങ്ങളിൽ നിന്നും തുടച്ചു നീക്കുകയാണ്.
സംവരണത്തിലൂടെ പിന്നാക്കക്കാർ എത്തിയതോടെ സിവിൽ സർവീസിന്റെ കാര്യമക്ഷമത നഷ്ടമായെന്നാണ് പണ്ട് ഇ.എം.എസ് നിയോഗിച്ച ഭരണപരിഷ്കാര കമ്മിഷൻ സാമ്പത്തിക സംവരണം നടപ്പാക്കാൻ കണ്ടെത്തിയ വിചിത്രമായ ന്യായീകരണം. ആപ്പിന്റെ ഉഗ്രമായ അറ്റം കമ്മ്യൂണിസത്തിന്റെ വളർച്ചയെ സഹായിച്ച ശ്രീനാരായണീയ ശിഷ്യരുടെ അണ്ണാക്കിൽ ഇടിച്ചുകയറ്റിയെന്നാണ് കുളത്തൂർ പ്രസംഗത്തിൽ ഈ വിചിത്രവാദത്തെ പത്രാധിപർ വിമർശിച്ചത്. കുളത്തൂർ പ്രസംഗത്തോടെ സാമ്പത്തിക സംവരണത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്നു. ഭരണപരിഷ്കാര കമ്മിഷൻ റിപ്പോർട്ട് ചവറ്റ് കുട്ടയിലെറിയേണ്ടി വന്നു. ഇപ്പോഴത്തെ സാമ്പത്തിക സംവരണത്തിന് നിയമപരമായി സാധുതയില്ല. ന്യായീകരിക്കാൻ വസ്തുതാപരമായ രേഖകളോ കണക്കോ ഇല്ല. പിന്നിൽ സവർണശക്തികളുടെ സമ്മർദ്ദം മാത്രമാണ്. അധികാരം നിലനിറുത്തുക മാത്രമാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.അപ്പോൾ തകർക്കപ്പെടുന്നത് പിന്നാക്ക വിഭാഗമാണ്. അടിച്ചമർത്തലിന്റെ പടുകുഴിയിലേക്ക് വീഴാതിരിക്കാൻ കുളത്തൂർ പ്രസംഗം വീണ്ടും മുഴങ്ങണം. അധികാരികളുടെ ഹൃദയം പൊട്ടുമാറുച്ചത്തിൽ.
ഒരു നീതി നിഷേധമാണ് കെ.സുകുമാരനെ മലയാളത്തിന്റെ പത്രാധിപരാക്കിയത്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സമര നായകനാക്കിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ പാസായ അദ്ദേഹത്തിന് പൊലീസ് കമ്മിഷണർ ഓഫീസിൽ ക്ലാർക്കായി ജോലി ലഭിച്ചു. വൈകാതെ സബ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. അതിനുള്ള അപേക്ഷയും സമർപ്പിച്ചു. പക്ഷേ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും ബോധപൂർവം അവഗണിച്ചു. ഇതോടെ ജോലി രാജിവച്ച ശേഷം പിതാവായ സി.വി. കുഞ്ഞുരാമൻ നടത്തിയിരുന്ന കേരളകൗമുദിയിൽ ജോലിയിൽ പ്രവേശിച്ചു.പത്രപ്രവർത്തനത്തെ അദ്ദേഹം ഒരു തപസായി കണ്ടു. ഒപ്പം മാറ്റങ്ങൾക്ക് വേണ്ടിയുള്ള ചുരികയുമാക്കി. അധികാര കേന്ദ്രങ്ങൾക്ക് നേരെ വിമർശനത്തിന്റെ കുന്തമുനയെറിഞ്ഞു. കേരളകൗമുദി വാർത്തകളിൽ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷം കലങ്ങിമറിഞ്ഞു. പത്രലോകത്ത് പുതിയൊരു ഇടിത്തീയായും വിശ്വാസ്യതയുടെ പുതിയ മാതൃകയായും കേരളകൗമുദി മാറി. അനീതികൾക്കെതിരായ കേരളകൗമുദി എഡിറ്റോറിയലുകൾ പലതും ഇന്ന് ചരിത്രരേഖയാണ്. പത്രാധിപരുടെ മഹാപാരമ്പര്യം അണുവിട ചോരാതെ കേരളകൗമുദി ഇപ്പോഴും പിന്തുടരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നുകയറ്റമുണ്ടാകുമ്പോഴെല്ലാം അഗ്നിപുരണ്ട വാക്കുകളുമായി ശക്തമായി രംഗത്ത് വരുന്നു.