ചേർത്തല : വികസനകാര്യത്തിൽ സംസ്ഥാനത്തെ മികച്ച 10 പഞ്ചായത്തുകളിൽ ഒന്നാണ് തണ്ണീർമുക്കമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്റി.

ജ്യോതിസെന്നാൽ വെളിച്ചമാണ്. വികസനത്തിന്റെ വെളിച്ചമാണ് പി.എസ്.ജ്യോതിസ് നയിക്കുന്ന പഞ്ചായത്തിൽ പരക്കുന്നത്.ഈ വെളിച്ചം കേരളത്തിൽ മുഴുവനായി വ്യാപിക്കണം.ബുദ്ധിമാനാകാൻ എല്ലാവർക്കും കഴിയും.ജനോപകാര പ്രദമായ കാര്യങ്ങൾ നടപ്പാക്കുകയാണ് യഥാർത്ഥ ജനപ്രതിയുടെ മേന്മ കൂട്ടുന്നത്.വികസന കാര്യത്തിൽ ഉത്കൃഷ്ടമായ കാഴ്ചപ്പാട് ഉണ്ടാകണം.ഏതു പ്രതിസന്ധിയെയും നേരിടാൻ ജനപ്രതിനിധികൾ ഭരണപരമായ കഴിവ് ആർജിക്കണമെന്നും മന്ത്രി പറഞ്ഞു.

മാതൃകാപരമായ നിരവധി പദ്ധതികൾ നടപ്പാക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസിനെയേും ഭരണസമിതി അംഗങ്ങളെയും മന്ത്റി അഭിനന്ദിച്ചു.

എൽ.ഡി.എഫ് സർക്കാർ ശ്രദ്ധാപൂർവ്വമാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നത്. കോടികളുടെ നിർമ്മാണ പ്രവർത്തികളാണ് കഴിഞ്ഞ നാല് വർഷത്തിനിടെ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയിട്ടുള്ളത്.മ​റ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലെ പൊതുമരാമത്ത് പ്രവൃത്തികൾ നടക്കുന്നില്ലെന്നും മന്ത്റി പറഞ്ഞു.

കൊരിച്ചൊരിയുന്ന മഴയിലും പഞ്ചായത്തിന്റെ പാതയോരങ്ങളുടെ ഇരുവശങ്ങളിലുമായി 60 ഓളം കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിച്ച് കുടചൂടി വനിതകളും പുരുഷൻമാരും മന്ത്രിയെ സ്വീകരിക്കാൻ എത്തിയത് പുതിയ അനുഭവമായി. കേരളകൗമുദി ഓണ ദിവസം പ്രസിദ്ധീകരിച്ച ചിത്രം ആലേഖനം ചെയ്ത മെമന്റോ സമ്മാനിച്ചതിനൊപ്പം അദ്ധ്യാത്മിക രാമായണത്തിന്റെ എഴുത്തോലയിലെ പകർപ്പും നൽകിയാണ് മന്ത്രിക്ക് ആദരമൊക്കിയിത്.കുടുംബശ്രീ ഉൾപ്പെടെയുള്ള നിരവധി സംഘടനകളും മന്ത്രിക്ക് ആദരവ് നൽകി

മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിൽ കൊവിഡ് മുക്തരായവർക്ക് 2000 രൂപ ധനസഹായമായി നൽകുന്ന പദ്ധതിയും മന്ത്റി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച പത്ത് ലക്ഷം രൂപ കയർ മെഷീൻ മാനുഫാക്ചറിംഗ് ആൻഡ് ടൂൾസ് കമ്പനി ചെയർമാൻ കെ.പ്രസാദ് ചടങ്ങിൽ മന്ത്റി ജി.സുധാകരന് കൈമാറി.

പണ്ഡി​റ്റ് കറുപ്പൻ സ്മാരക ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ സിന്ധുവിനു,രമ മദനൻ,സുധർമ സന്തോഷ്,ബിനിത മനോജ്,കെ.ജെ.സെബാസ്റ്റ്യൻ,സനൽനാഥ്,സാനു സുധീന്ദ്രൻ,രമേഷ് ബാബു, പഞ്ചായത്ത് സെക്രട്ടറി എ അബ്ദുൽ ഖാദർ,സി.ഡി.എസ്.പ്രസിഡന്റ് ശ്രീജ ഷിബു എന്നിവർ പങ്കെടുത്തു.