സർക്കാർ സഹായം തേടി കോഴിവളർത്തൽ സംരംഭകർ
ആലപ്പുഴ: വിദേശ കയറ്റുമതിയടക്കം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ കോഴി വ്യവസായത്തിൽ സർക്കാരിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്ന് ആവശ്യം.
കൊവിഡ് മൂലം ബ്രസീൽ വിപണിയിൽ ഇടിവ് വന്നതോടെ, കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള കോഴിയിറച്ചി കയറ്റുമതി വർദ്ധിച്ചിട്ടുണ്ട്. ഇത് ശുഭ സൂചനയാണ്. നിലവിൽ തൃശൂർ, എറണാകുളം, പെരുമ്പാവൂർ, തൊടുപുഴ, കോട്ടയം എന്നിവിടങ്ങളിൽ നിന്നാണ് കോഴികളെ മൊത്തമായി കമ്പനികൾ വാങ്ങുന്നത്. ചിങ്ങത്തിൽ കോഴി വിപണി ഇടിയുന്നതാണ് പതിവെങ്കിലും നിലവിൽ സ്ഥിതി വ്യത്യസ്തമാണ്. ഗ്രൂപ്പ് ഫാമിംഗ് സമ്പ്രദായത്തിന് പ്രോത്സാഹനം നൽകിയാൽ എല്ലാ ജില്ലകളിലെയും കോഴി വളർത്തൽ സംരംഭകർക്ക് സഹായകരമാകും. ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഓൾ കേരള പൗൾട്രി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കയറ്റുമതിക്കായി തമിഴ്നാട്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിലെ കമ്പനികളാണ് കേരളത്തെ ആശ്രയിക്കുന്നത്. സർക്കാർ സഹായമുണ്ടെങ്കിൽ ഇടനില ഒഴിവാക്കി കേരളത്തിന് കയറ്റുമതി നടത്താം. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കേരളത്തിൽ നിന്നുള്ള കോഴികളെ കൊണ്ടുപോകുന്നുണ്ട്. ആവശ്യത്തിന് സ്റ്റോക്കുണ്ടായിട്ടും വിൽക്കാൻ കഴിയാതിരുന്ന കർഷകർക്ക് ഇത് നേട്ടമാണ്.
...........................
വില കുതിക്കുന്നു
ഓണത്തിന് മുമ്പ് കിലോയ്ക്ക് 80 മുതൽ 100 വരെയായിരുന്നു ബ്രോയിലർ കോഴിയുടെ വില. തുടർന്നുള്ള ദിവസങ്ങളിൽ 20 മുതൽ 40 രൂപയുടെ വരെ വർദ്ധനവുണ്ടായി. ഇറച്ചിക്ക് 200 രൂപയുണ്ട്. നാടൻ കോഴിക്ക് 300 രൂപ നൽകണം.
.............................
ഏറെ തൊഴിൽ സാദ്ധ്യതയുള്ള മേഖലയാണ് കോഴിയിറച്ചി വ്യവസായം. സർക്കാർ പങ്കാളിത്തത്തോടെ വിപണി വർദ്ധിപ്പിക്കണം
ഓൾ കേരള പൗൾട്രി അസോ.
...........................