ആലപ്പുഴ: മുതിർന്നവരുടെ ജാഗ്രതക്കുറവിൽ ഇന്നലെ കടലെടുത്തത് ഒരു കുരുന്നു ജീവനാണ്. രണ്ട് കുട്ടികൾ രക്ഷപെട്ടതാവട്ടെ ഭാഗ്യം കൊണ്ടുമാത്രം. കനത്ത മഴയും കടൽ പ്രക്ഷോഭവുമുള്ള സമയത്ത് കുട്ടികളുമായി കടൽ കാണാനെത്തിയതിനെതിരെ ജനരോഷം ശക്തമാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുള്ള തീരത്താണ് അപകടമുണ്ടായത്. കടപ്പുറത്തെ സ്ഥിരം ലൈഫ് ഗാർഡുമാരുടെയോ പൊലീസിന്റെയോ നോട്ടമെത്തുന്ന സ്ഥലമല്ലിത്. അതുകൊണ്ടുതന്നെ കടലിലിറങ്ങിയ കുടുംബത്തെ തടയാൻ ആരുമുണ്ടായില്ല. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുണ്ടായിട്ടും കടൽ കാണാനെത്തുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുകയാണ്. സമീപ ജില്ലകളിൽ നിന്നുവരെ ആളുകളെത്താറുണ്ട്. എത്ര ഓടിച്ചുവിട്ടാലും സഞ്ചാരികൾ തീരത്തെ മറ്റൊരു സ്ഥലത്ത് പോയിറങ്ങും. ഇതാണ് നിത്യം നടക്കുന്നതെന്ന് സുരക്ഷാ ജീവനക്കാർ പറയുന്നു. വനിതാ ശിശു ആശുപത്രി മുതൽ പാർക്ക് വരെ നീളുന്ന ഒന്നരക്കിലോമീറ്റർ ഭാഗത്താണ് കൂടുതലാളുകൾ എത്തുന്നത്. കൊച്ചുകുട്ടികളുമായാണ് പലരും എത്താറുള്ളത്. രാപകൽ പൊലീസിന്റെ സാന്നിദ്ധ്യമുള്ളതുകൊണ്ടാണ് ഇത്ര ദിവസങ്ങളിലും വലിയ അപകടം റിപ്പോർട്ട് ചെയ്യാതിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഴ മൂലം മൂടിക്കെട്ടിയ അന്തരീക്ഷമാണ് ജില്ലയിലേത്. തിരമാലകൾക്ക് ശക്തിയും കൂടുതലാണ്. എന്നിട്ടും അവധി ദിനമായ ഇന്നലെ ധാരാളം പേരാണ് കടൽ കാണാനെത്തിയത്.
എത്ര ഓടിച്ചുവിട്ടാലും ആളുകൾ വന്നുകൊണ്ടേയിരിക്കും. അപകടങ്ങൾ തുടർക്കഥ ആയിട്ടും ജനം ബോധവാൻമാരല്ല.
അനിൽകുമാർ, ബീച്ച് ലൈഫ് ഗാർഡ്