ആലപ്പുഴ: സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയെഴുതി. ജില്ലയിൽ 27 കേന്ദ്രങ്ങളിൽ 7814 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കനത്ത മഴ വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ചു. രോഗ ലക്ഷണമുള്ളവർക്ക് പ്രത്യേക മുറികളൊരുക്കിയിരുന്നെങ്കിലും, ലക്ഷണമുള്ള ആരും പരീക്ഷ എഴുതാനുണ്ടായിരുന്നില്ല. കൊവിഡ് സ്ഥിരീകരിച്ച മാന്നാർ സ്വദേശിനി പരീക്ഷയെഴുതിയില്ല. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയായിരുന്നു പരീക്ഷ.
നഗരത്തിലായിരുന്നു കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ. തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ, പുന്നപ്ര ജ്യോതിനികേതൻ എന്നിവിടങ്ങളിൽ 600 പേർ വീതം പരീക്ഷ എഴുതി. കെ.എസ്.ആർ.ടി.സി ഒമ്പത് അധിക സർവീസ് നടത്തി. ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ പ്രത്യേക ട്രാഫിക് സംവിധാനം പൊലീസ് ഏർപ്പെടുത്തി. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സേവനം ലഭ്യമാക്കിയിരുന്നു.