ആലപ്പുഴ: കുട്ടനാടി​ന്റെ സമഗ്രവി​കസനത്തി​ന് 4500 കോടിയുടെ പദ്ധതി​കളാണ് ഒരുക്കി​യി​രി​ക്കുന്നതെന്ന് മന്ത്രി​ ജി​. സുധാകരൻ പറഞ്ഞു. 2000 കോടിയുടെ പദ്ധതി നടപ്പാക്കി വരുന്നു. ബാക്കിയുള്ളവ ഭാവിയിലേക്ക് ഉള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. മണ്ഡലത്തിലെ വിവിധ റോഡുകളുടെ പൂർത്തീകരണ - നിർമാണ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
150 കോടി രൂപ മുടക്കി നിർമിക്കുന്ന അമ്പലപ്പുഴ -തിരുവല്ല റോഡി​ന്റെ ആദ്യഘട്ടം 69 കോടി രൂപ മുടക്കി പൂർത്തീകരിച്ചു. സംസ്ഥാനത്തെ മികച്ച റോഡുകളിൽ ഒന്നായി ഇത് മാറും. 250 കോടി രൂപ മുടക്കി നിർമിക്കുന്ന കുപ്പപ്പുറം- കരുവാറ്റ റോഡിന്റെ ആദ്യ പാലം പൂർത്തീകരിച്ചു. 14 പാലങ്ങളാണ് നി​ർമി​ക്കുന്നതെന്നും മന്ത്രി​ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം എന്നി​വർ പങ്കെടുത്തു.

വെളിയനാട് ഗ്രാമപഞ്ചായത്തിലെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, വെളിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. പി. സജീവ്, മുട്ടാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ജോസഫ് എന്നിവർ പങ്കെടുത്തു.


 25.7 കോടിയുടെ റോഡ് നി​ർമ്മാണം

1000 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പള്ളാത്തുരുത്തി മുതൽ പാതിരപ്പള്ളി വരെയുള്ള എക്‌സ്പ്രസ് ഹൈവേയുടെ സർവേ പുരോഗമിക്കുകയാണ്. കുട്ടനാട് നിയോജക മണ്ഡലത്തിലാകെ എട്ട് റോഡുകളുടെ നിർമ്മാണ -പൂർത്തീകരണ ഉദ്ഘാടനം നടന്നു. കോഴിമുക്ക് -ചമ്പക്കുളം റോഡ്, എടത്വ -വീയപുരം റോഡ്, പള്ളിക്കൂട്ടുമ്മ -നീലംപേരൂർ, കിടങ്ങറ-കണ്ണാടി റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്. മണപ്ര -പുല്ലങ്ങാടി മുതൽ തുരുത്തുമുട്ടേൽ ഐ.ടി.ഡി.സി റിസോർട്ട് വഴി മുട്ടേൽ ആറ്റുതീരം റോഡ്, മങ്കൊമ്പ് എ-സി റോഡ് മുതൽ ചമ്പക്കുളം ഗവ. ആശുപത്രിവരെയുള്ള കിടങ്ങറ കാവാലം റോഡ്, മുട്ടാർ സെൻട്രൽ റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും കുട്ടനാട്ടിൽ മന്ത്രി നിർവഹിച്ചു.