s

 കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറക്കുന്നു

ആലപ്പുഴ: സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യത്യസ്ത പേരുകളിലും, ഭാവത്തിലും സമരപരമ്പരകൾ അരങ്ങേറുമ്പോൾ ആവിയാവുന്നത് കൊവിഡ് മാനദണ്ഡങ്ങൾ.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദിവസങ്ങളായി കളക്ടറേറ്റ് പടിക്കൽ സമരം അരങ്ങേറുന്നുണ്ട്. ഇതിന് പുറമേ മറ്റ് ആവശ്യങ്ങളുന്നയിച്ചുള്ള വിവിധ പ്രതിഷേധങ്ങളും നടക്കുമ്പോൾ സാമൂഹിക അകലം സമരക്കാർ മറക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പൊലീസാണ് ഏറെ കഷ്ടപ്പെടുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നടക്കമുള്ളവർ സമരത്തിൽ അണിചേരാനെത്തുമ്പോൾ, വലിയ സുരക്ഷാവെല്ലുവിളിയാണ് ഉയരുന്നത്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും സമരങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. പ്രതിഷേധത്തിനിടെയുണ്ടാകുന്ന ഉന്തും തള്ളും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.

ജില്ലയിൽ 90 ശതമാനം രോഗികൾക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ‌് ബാധിച്ചത്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ മാസ്ക് പോലും ധരിക്കാത്തത് ആശങ്ക സൃഷ്ടിക്കുകയാണ്. കൊവിഡിന്റെ ആരംഭ ഘട്ടത്തിൽ പരമാവധി അഞ്ചുപേരെ പങ്കെടുപ്പിച്ച് സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ എല്ലാ പാർട്ടികളും ശ്രദ്ധിച്ചിരുന്നു. എന്നാൽ നിലവിൽ സ്ഥിതി വ്യത്യസ്തമാണ്. പരമാവധി ആളുകളെ പങ്കെടുപ്പിച്ചാണ് പ്രതിഷേധക്കാർ ശക്തി തെളിയിക്കുന്നത്.