ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തിൽ ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ റോഡുകൾ മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു. വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതടക്കം റോഡിനു ദോഷകരമായേക്കാവുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ നൂതന സാങ്കേതിക വിദ്യകളിലൂടെ പരിഹരിച്ചുകൊണ്ടാണ് മണ്ഡലത്തിലെ റോഡുകളെല്ലാം തന്നെ നിർമ്മിച്ചിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. റോഡ് നിർമ്മാണത്തിന് ജനങ്ങളുടെ സഹകരണമാണ് ഏറ്റവും പ്രധാനം. റോഡിനു സ്ഥലം വിട്ടു നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ എല്ലാവരും വിമുഖത വെടിഞ്ഞാൽ മാത്രമേ നല്ല റോഡുകളുടെ നിർമ്മാണം സാധ്യമാവുവെന്നും മന്ത്രി പറഞ്ഞു.
അമ്പലപ്പുഴ ബ്ലോക്ക് പരിധിയിലുള്ള റോഡുകളുടെ ഉദ്ഘാടന ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, ആലപ്പുഴ നഗരസഭ പരിധിയിലുള്ള ചടങ്ങുകളിൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജനപ്രതിനിധികൾ, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.