ആലപ്പുഴ: അയൽക്കൂട്ടങ്ങളുടെ ഡിജിറ്റലൈസേഷൻ സാധ്യമാക്കുന്ന ഇ -ശക്തി പദ്ധതി വൈകാതെ ജില്ലയിലുമെത്തുമെന്ന് പ്രതീക്ഷ. കാസർകോട് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്ക് കൂടിയാണ് ആദ്യഘട്ടത്തിൽ വ്യാപിപ്പിക്കുന്നത്. അയൽക്കൂട്ടങ്ങളുടെ പണമിടപാടുകൾ, അംഗങ്ങളുടെ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ഓൺലൈനാക്കുന്നതിനാണിത്. ബാങ്കുകളുടെ കൂടുതൽ സേവനങ്ങൾ അയൽക്കൂട്ടങ്ങൾക്കും അംഗങ്ങൾക്കും നേടിക്കൊടുക്കുന്നതിനും സഹായകമാകും. നിലവിൽ അയൽക്കൂട്ടങ്ങൾക്കാണ് ബാങ്കുകളിൽനിന്ന് ലോണുകളും മറ്റുസഹായങ്ങളും ലഭിച്ചുവരുന്നത്. അംഗങ്ങൾക്കു വ്യക്തിപരമായി സാമ്പത്തികസഹായങ്ങൾ ലഭിക്കില്ല. വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുമ്പോൾ അയൽക്കൂട്ട അംഗങ്ങളെക്കുറിച്ചും അവരുടെ നിക്ഷേപങ്ങളെക്കുറിച്ചും ബാങ്കുകൾ മനസ്സിലാക്കി വ്യക്തിപരമായി വായ്പസഹായം നൽകാൻകഴിയും.
റെക്കാഡുകൾ ഡിജിറ്റലൈസ് ചെയ്യുന്നത് വിവരങ്ങൾ വേഗം ലഭ്യമാകാൻ സഹായിക്കും. അപ്ഡേഷനും എളുപ്പാകും. ലോൺ സംബന്ധമായ ഇടപാടുകൾ എവിടെയിരുന്നു വേണമെങ്കിലും ചെയ്യാനും സാധിക്കും. പടിപടിയായി ഓരോ ജില്ലയിലും പദ്ധതി വ്യാപിക്കുകയാണ്. വൈകാതെ തന്നെ ആലപ്പുഴയിലും പ്രാവർത്തികമാകുമെന്നാണ് കണക്കുകൂട്ടൽ.
- ജെ.പ്രശാന്ത് ബാബു, ജില്ലാമിഷൻ കോർഡിനേറ്റർ, കുടുംബശ്രീ