കായംകുളം: കായംകുളം നഗരസഭയുടെ പുതിയ സസ്യമാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികളുടെ ലേലം ഇന്ന് കൗൺസിൽ ഹാളിൽ നടക്കും. ഷോപ്പിംഗ് കോംപ്ലക്‌സിലെ കച്ചവടക്കാരായിരുന്ന 34 പേർക്ക് പുനരധിവാസത്തിന്റെ ഭാഗമായി കൈമാറിയതിനു ശേഷമുള്ള കടകളാണ് ലേല നടപടികൾ വഴി കൈമാറുന്നതെന്ന് നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.
താഴത്തെ നിലയിൽ ജനറൽ വിഭാഗത്തിന് 3 കടമുറികളും പട്ടികജാതി വിഭാഗത്തിന് 3 കടമുറികളുമാണ് പൊതു ലേലത്തിനായി നീക്കിവച്ചിട്ടുള്ളത്. ഒന്നാം നിലയിൽ 28 കടമുറികളിൽ 20 കടമുറികൾ ജനറൽ വിഭാഗത്തിനും രണ്ടുകടമുറികൾ എസ്.സി വിഭാഗത്തിനും രണ്ടാമത്തെ നിലയിൽ 3 ഹാളുകളുമാണ് ലേലം നടത്തുന്നത്. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിനെ തുടർന്നാണിത്.
കൗൺസിൽ തീരുമാന പ്രകാരം താഴത്തെ നിലയിലെ 2 കടമുറികൾ ഒഴിച്ചിട്ടാണ് ലേല നടപടികളുമായി മുന്നോട്ടു പോകുന്നത്. നിലവിൽ കടമുറി കൈമാറിയ വ്യാപാരികൾ നിശ്ചിത ദിവസത്തിനകം നഗരസഭാ നിർദ്ദേശപ്രകാരമുള്ള നടപടികൾ പാലിച്ച് കടമുറികൾ ഏറ്റെടുക്കണം. അല്ലാത്തപക്ഷം അവർക്ക് കടമുറി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. പട്ടികജാതിക്കാർക്കായി നീക്കിവച്ചിട്ടുള്ള കടമുറികൾ ആ വിഭാഗത്തിനു തന്നെ നല്കും. ഇവരുടെ കടമുറികൾ നിയവിരുദ്ധമായി കൈക്കലാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പട്ടികജാതിക്കാർക്കായി നീക്കിവച്ചിട്ടുള്ള കടമുറികൾ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് കത്ത് നൽകിയതായും നഗരസഭാ ചെയർമാൻ പറഞ്ഞു.