s

 പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് മേഖല പ്രതിഷേധത്തിൽ

ആലപ്പുഴ: കൊവിഡ് മൂലം വഴിയാധാരമായ പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ ഉടമകളും തൊഴിലാളികളും സമരത്തിലേക്ക്. മാർച്ചിൽ ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ മുതൽ വരുമാനം പൂർണമായി നിലച്ച മേഖലയ്ക്ക് യാതൊരു സഹായവും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല.

വിവിധ സ്റ്റേജ് പരിപാടികളെയും വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളെയും ആശ്രയിച്ച് ജീവിക്കുന്ന പതിനായിരത്തിലധികം തൊഴിലാളികളാണ് ജില്ലയിലുള്ളത്. മേഖലയിലുള്ളവർ നേരിടുന്ന കടബാദ്ധ്യത അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും ഹരിത ട്രൈബ്യൂണലിന്റെ നിയന്ത്രണങ്ങൾ പ്രകാരം സൗണ്ട് ഓപ്പറേറ്റർമാരെ ഒന്നാം പ്രതിയാക്കുന്ന നിയമങ്ങൾക്കെതിരെയും കേരള ലൈറ്റ് ആൻഡ് സൗണ്ട് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ സമരം നടത്തും.

എന്ത് പരിപാടി സംഘടിപ്പിച്ചാലും ജോലി ലഭിക്കുന്ന വിഭാഗമായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ പണിക്കാർ. കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ജോലി ഇല്ലാതെയായി. കല്യാണ വീടുകളിലും മരണ വീടുകളിലും മാത്രം ചെറിയ പന്തലിന് ആവശ്യക്കാരുണ്ട്. ലോക്ക് ഡൗൺ ഇളവുകൾ സ്റ്റേജ് പരിപാടികൾക്കും പൊതു സമ്മേളനങ്ങളും ബാധകമാകാത്തിടത്തോളം ഇവരുടെ ദുരിതം തുടരും. പന്തൽ ഡെക്കറേഷൻ സ്ഥാപനങ്ങളിൽ ചുരുങ്ങിയത് 12 ജീവനക്കാരെങ്കിലുമുണ്ടാകും. വരുമാനമില്ലാതെ വന്നതോടെ കൊവിഡ് ബാധിച്ചാലും പ്രശ്നമില്ലെന്ന് ചിന്തിച്ചതായി തൊഴിലാളികൾ പറയുന്നു.

 ഓണവും പൊളിഞ്ഞു

പേരിന് പോലും ഓണപ്പരിപാടികൾ ഇല്ലാതിരുന്നതും തിരിച്ചടിയായി. ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികളാണ് ഓരോ സ്ഥാപനങ്ങളുടെയും ഗോ‌ഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. മഴക്കാലത്ത് ഈർപ്പം തട്ടി പലതും തുരുമ്പിക്കുകയാണ്. സാമൂഹിക അകലം ഉറപ്പ് വരുത്തി പരിപാടികൾ നടത്താൻ അനുമതി ലഭിച്ചാൽ അനുഗ്രഹമാകുമെന്ന് മേഖലയിലുള്ളവർ പറയുന്നു.

........................

മാർച്ച് മുതൽ ഒരു രൂപയുടെ പോലും വരുമാനം മേഖലയിലുള്ളവർക്ക് ലഭിച്ചിട്ടില്ല. സർക്കാരിന്റെ ആനുകൂല്യങ്ങളുമില്ല. ഞങ്ങളുടെ ദുരിതം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് ഇന്നത്തെ സമരം

സജി സരിഗ, ജില്ലാ പ്രസിഡന്റ്, കെ.എൽ.എസ്.എ