ആലപ്പുഴ: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ പ്രൈവറ്റ് / വിദൂര പഠന വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് പാരലൽ കോളേജ് അസോ. സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ പാരലൽ കോളേജുകളും കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സമരത്തിൽ പങ്കെടുത്തു.
ജില്ലാതല ഉദ്ഘാടനം ജില്ല പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നിർവഹിച്ചു. പാരലൽ കോളേജ് അസോസിയേഷൻ നിർദ്ദിഷ്ട ഓപ്പൺ യൂണിവേഴ്സിറ്റിക്ക് എതിരല്ലെന്നും എന്നാൽ വേണ്ടത്ര മുന്നൊരുക്കമില്ലാതെ എല്ലാ യൂണിവേഴ്സിറ്റികളിലൂടെയും പ്രൈവറ്റ് - വിദൂരപഠന വിദ്യാർത്ഥികളെ ധൃതി പിടിച്ച് ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കീഴിലാക്കിയാൽ അവരുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്കയുണ്ട്. ഇതുവരെ റഗുലർ വിദ്യാർത്ഥികൾക്കൊപ്പം ഒരേ സിലബസ് പഠിച്ച് ഒരേ പരീക്ഷ എഴുതിയിരുന്ന പ്രൈവറ്റ് - വിദൂര പഠന വിദ്യാർത്ഥികൾക്ക് തത്തുല്യമായ ബിരുദമാണ് യൂണിവേഴ്സിറ്റികൾ നൽകുന്നത്. എന്നാൽ പുതിയ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദം തുടർവിദ്യാഭ്യാസത്തിനും തൊഴിൽ തേടുന്നതിനും പര്യാപ്തമായ അംഗീകാരവും, തുല്യതയും ഉള്ളതാണോയെന്ന് ഇനിയും വ്യക്തമല്ല. പ്രൈവറ്റ് - വിദൂരപഠന മേഖലയിലെ ബഹുഭൂരിപക്ഷം കുട്ടികളും സാമൂഹികവും, സാമ്പത്തികവുമായി പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരായതിനാൽ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എസ്.സി/എസ്.ടി/ഒ.ബി.സി, മത്സ്യത്തൊഴിലാളി ഗ്രാന്റ് തുടങ്ങിയ ആനുകൂല്യങ്ങളും യാത്രാ സൗകര്യങ്ങളും തുടർന്ന് ലഭിക്കാതായാൻ വലിയൊരു വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാകും. ഈ സാഹചര്യത്തിലാണ് പതിനായിരക്കണക്കിന് പാരലൽ കോളേജ് അദ്ധ്യാപകരുടെ തൊഴിൽ ഉൾപ്പെടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി ശ്യാമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.രാജേന്ദ്രൻ, സിബി ജോർജ്, ഷാജി തുടങ്ങിയവർ സംസാരിച്ചു.