അമ്പലപ്പുഴ : ഉന്നത നിലവാരത്തിൽ നിർമ്മിച്ച എസ്.എൻ. കവല - കഞ്ഞിപ്പാടം റോഡ് മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു. വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതടക്കം റോഡിനു ദോഷകരമായേക്കാവുന്ന പ്രശ്‌നങ്ങൾ എല്ലാം നൂതന സാങ്കേതിക വിദ്യകളിലൂടെ പരിഹരിച്ചുകൊണ്ടാണ് മണ്ഡലത്തിലെ റോഡുകളെല്ലാം തന്നെ പുനർനിർമ്മിച്ചതെന്ന് മന്ത്രി പറഞ്ഞു. നബാർഡിൽ നിന്ന് 14കോടി രൂപ ചെലവഴിച്ചാണ് എസ്.എൻ. കവല - കഞ്ഞിപ്പാടം റോഡ് നിർമ്മിച്ചത്. ഉദ്ഘാടനം ചെയ്ത റോഡിലൂടെ മന്ത്രി പങ്കെടുത്ത റോഡ് ഷോയും നടന്നു. കനത്ത മഴയെ അവഗണിച്ചും നിരവധി പേരാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയ മന്ത്രിക്ക് അഭിവാദ്യമർപ്പിച്ചത്.