 പ്രതികളിൽ എ.എസ്.ഐയും

ചാരുംമൂട് : കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ചമഞ്ഞ്, അർബുദ രോഗിയായ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ തുടർന്ന് നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രവാസിയായ പാലമേൽ ഉളവുക്കാട് സുധീഷ് ഭവനം സുധീഷാണ് (35 ) മാവേലിക്കര കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. കരിമുളയ്ക്കൽ സ്വദേശി രമ്യ തോമസ് (34), ഭർത്താവ് തോമസ് മാത്യു (38) എന്നിവർ ഒന്നും രണ്ടും പ്രതികളാണ്. എ.എസ്.ഐ യടക്കം 5 പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്. മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണെന്നും സുധീഷിന്റെ അർബുദ ചികിത്സയ്ക്ക് സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞ് ഒന്നാം പ്രതി രമ്യ അടുപ്പം സ്ഥാപിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന് സ്വകാര്യ അന്യായത്തിൽ പറയുന്നു. മെഡിക്കൽ കോളേജിന്റെ തിരിച്ചറിയൽ കാർഡുകൾ ധരിച്ചുള്ള ചിത്രങ്ങളും കാട്ടിയിരുന്നു. സർജറിയ്ക്കു വേണ്ടിയുള്ള സാധനങ്ങളുടെ പേരിലും , എ.ടി.എം പിൻ നമ്പർ ഉപയോഗിച്ചുമൊക്കെയാണ് പണം തട്ടിയതെന്നും ഹർജിയിലുണ്ട്. ഒന്നാം പ്രതിയുടെ പ്രേരണയ്ക്കു വഴങ്ങി പ്രവർത്തിച്ചുവെന്നു കാട്ടിയാണ് 3 മുതലുള്ളവരെ പ്രതി ചേർത്തിരിക്കുന്നത്. ഒന്നാം പ്രതി സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുള്ളയാണെന്നും അന്യായത്തിൽ പറയുണ്ട്. അന്വേഷണം നടന്നു വരുന്നതായി നൂറനാട് സി.എച്ച്.ഒ വി.ആർ.ജഗദീഷ് പറഞ്ഞു.