ആലപ്പുഴ: രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതർക്ക് വീടുകളിൽ തന്നെ സമ്പർക്കം ഒഴിവാക്കി താമസിക്കാൻ അനുവദിക്കുമെന്ന് കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്.
മതിയായ സൗകര്യങ്ങളുള്ള വീടുകളിൽ സർക്കാർ അനുമതിയോടെ കഴിയുന്ന രോഗികൾക്കും കുടുംബാംഗങ്ങൾക്കും മാനസിക പിന്തുണ നൽകാൻ പൊതു സമൂഹം തയ്യാറാകണമെന്നും അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ചശേഷം ആരോഗ്യ വകുപ്പിൽനിന്ന് ബന്ധപ്പെടുമ്പോൾ ഹോം ഐസൊലേഷനിൽ കഴിയാൻ ആഗ്രഹിക്കുന്നവർക്ക് ഇക്കാര്യം അറിയിക്കാം. രോഗിയുടെ പൂർണ സമ്മതത്തോടെ മാത്രമേ ഹോം ഐസോലേഷൻ നിർദ്ദേശിക്കുകയുള്ളു. ഹോം ഐസൊലേഷനിലിരിക്കാൻ തയ്യാറാക്കുന്ന രോഗിക്ക് അതത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടുകയും ചെയ്യാം. അറ്റാച്ച്ഡ് ബാത്ത് റൂം ഉൾപ്പെടെ വീട്ടിൽ മതിയായ സൗകര്യങ്ങൾ ഉണ്ടെന്നും റൂം ഐസൊലേഷൻ അനുവദിക്കാവുന്ന വിഭാഗത്തിൽ പെട്ടയാളാണെന്നും സ്ഥിരീകരിച്ചശേഷം പ്രാദേശിക ആരോഗ്യ കേന്ദ്രമാണ് അനുമതി നൽകുക.