മാവേലിക്കര: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ മാവേലിക്കര ബ്രാഞ്ചിലെ പണം നഷ്ടമായ നിക്ഷേപകരുടെ നേത്യത്വത്തിൽ മാവേലിക്കരയിൽ നഗരത്തിൽ നാളെ രാവിലെ 10ന് പ്രതിഷേധ ജാഥ നടത്തും. വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപകർ വഞ്ചിക്കപ്പെട്ട സംഭവം ആയതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും സ്ഥാപനത്തിന്റെ മറ്റ് ഡയറക്ടർക്ക് എതിരെയും ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ എടുക്കാൻ തയ്യാറായില്ലെന്നും സമരസമിതി ചെയർമാൻ പി.സി.ഉമ്മൻ, ജനറൽ കൺവീനർമാരായ ബീന മനോജ്, സി.ജി.തോമസ്, ബിനു, ആർ.രാജേന്ദ്രൻ എന്നിവർ ആരോപിച്ചു.