അരൂർ: പി.എ.സി എസിന്റെ പരിധിയിലല്ലെന്ന കാരണത്താൽ കേന്ദ്ര ഗവൺമെന്റും നബാർഡ് പോലുള്ള സ്ഥാപനങ്ങളും കുറഞ്ഞ പലിശ നിരക്കിൽ കാർഷിക, അനുബന്ധ പദ്ധതികൾക്ക് നൽകി വരുന്ന വായ്പ പട്ടികജാതി വർഗ്ഗ സർവീസ് സഹകരണ സംഘങ്ങൾക്കു കൂടി നൽകണമെന്നാവശ്യം. പ്രതിവർഷം ലക്ഷം കോടികളുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. അടിസ്ഥാന വർഗ്ഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്ന പട്ടികജാതി സഹകരണ സംഘങ്ങൾ നിരവധിയാണ്. നബാർഡ് വഴി കുറഞ്ഞ പലിശയ്ക്ക് നൽകി വരുന്ന വായ്പകൾ പട്ടികജാതി സഹകരണ സംഘങ്ങൾക്ക് ഇപ്പോഴും അന്യമാണ്. ഇതു സംബന്ധിച്ച് എസ്. സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്റർ ചെയർമാൻ സി.കെ.രാജേന്ദ്രൻ, കൺവീനർ ദിവാകരൻ കല്ലുങ്കൽ എന്നിവർ സഹകരണ സംഘം രജിസ്ട്രാർക്ക് നിവേദനം നൽകി.