prabhakumar

മാന്നാർ : കൃഷി ചെയ്യാൻ സ്ഥലം കുറവാണെന്നതൊന്നും പ്രഭകുമാറിന്റെ നിശ്ചയദാർഢ്യത്തെ പിന്നോട്ടു വലിച്ചില്ല. അഞ്ഞൂറ് ചതുരശ്ര അടി മാത്രം വിസ്തീർണ്ണമുള്ള വീടിന്റെ മട്ടുപ്പാവ് കൃഷിയിടമാക്കി മാറ്റി മാന്നാർ കുട്ടമ്പേരൂർ വൈഗയിൽ പ്രഭകുമാറും കുടുംബവും.
അസാം റൈഫിൾസിൽ നിന്നും സുബേദാറായി 2016ൽ വിരമിച്ച ശേഷം മാന്നാറിലെ പൗർണ്ണമി ഹോം ഗാലറിയിൽ ജോലി നോക്കുകയാണ് പ്രഭകുമാർ. ഇതിനിടയിലാണ് ജൈവപച്ചക്കറി കൃഷി എന്ന ആശയം മനസിലെത്തുന്നത്. മട്ടുപ്പാവിൽ പ്രത്യേകം തയ്യാറാക്കിയ മഴമറയിൽ പടവലം, പാവൽ, മുളക്, വെണ്ട, ചീര, തക്കാളി, മത്തൻ, വഴുതനം, പയർ, റെഡ് ലേഡി പപ്പായ എന്നിവ നന്നായി വളരുന്നു. ഇതോടൊപ്പം വീട്ടാവശ്യത്തിനായി കോഴികളെയും വളർത്തുന്നുണ്ട്. വീട്ടുമുറ്റത്ത് മനോഹരമായ പൂന്തോട്ടവും ഒരുക്കി. അഗ്രോഫാമുകളിൽ നിന്നും വിത്തുകളും തൈകളും വാങ്ങി ഗ്രോബാഗിൽ നട്ട് തികച്ചും ജൈവ രീതിയിലാണ് കൃഷി. നാലു വർഷമായി വീട്ടാവശ്യത്തിനായി കൃഷി ചെയ്തിരുന്നെങ്കിലും ലോക്ക് ഡൗൺ കാലത്താണ് കൃഷി വിപുലമാക്കിയത്. ഭാര്യ കനകമ്മയും. മകൾ പ്രവീണയും സഹായത്തിനായുണ്ട്. ന്യൂസിലാൻഡിൽ ജോലി ചെയ്യുന്ന മകൻ പ്രേംജിത്ത്, മരുമകൾ ഗീതു എന്നിവരുടെ പൂർണ്ണ പിന്തുണയുമുണ്ട്.