ചാരുംമൂട്: യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഇടക്കുന്നം ചിറയിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെയും ദേവയാനിയുടെയും മകൻ വിമൽ കുമാറി​ന്റെ (46) മരണത്തി​ൽ അന്വേഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. സെപ്റ്റംബർ 7ന് രാവിലെ 9.30ഓടെയാണ് വിമലിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സമീപ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന വിമലിനെ അയൽവാസി പരസ്യമായി ബലം പിടിച്ച് കൊണ്ടു പോകുകയും വീട്ടിൽ കൊണ്ടുപോയി ഭാര്യയും മറ്റാൾക്കാരും ചേർന്ന് മൃഗീയമായി മർദ്ദി​ക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മൂന്ന് മണിക്കൂറിന് ശേഷം അവശനായി ജോലി സ്ഥലത്തേക്ക് തിരിച്ചു വന്ന വിമൽ മർദ്ദന വിവരം മറ്റ് പണിക്കാരോടും വീട്ടുടമയായ ബാബുവിനോടും പറഞ്ഞിരുന്നു. ആക്രമിച്ച ആളുകളുടെ വീട്ടിലെ കള്ളവാറ്റ് വിവരവും മറ്റും വിമൽ കണ്ടതാണ് ആക്രമണ കാരണം. മരണ സമയത്ത് ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.