അമ്പലപ്പുഴ: കൊവിഡ് സ്ഥിരീകരിച്ചിട്ടും ചികിത്സ വൈകിയതിനാലാണ് വീട്ടമ്മ മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ. പുറക്കാട് പഞ്ചായത്ത് 14-ാം വാർഡ് പുന്തല പെരുമ്പള്ളി പറമ്പിൽ സഹദേവന്റെ ഭാര്യ ഓമനയാണ് (59) മരിച്ചത്.
ആലപ്പുഴ മെഡി. ആശുപത്രിയിൽ ഡയാലിസിസിനെത്തിയ ഓമനയ്ക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ 14 ദിവസം ചികിത്സയിൽ കഴിഞ്ഞു. ചൊവ്വാഴ്ച കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. രാത്രി പനി കൂടിയതിനെ തുടർന്ന് പുന്നപ്ര സഹകരണ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി തിരികെ വീട്ടിലെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഓമനയ്ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന അറിയിപ്പ് ആശുപത്രിയിൽ നിന്നു അറിയിച്ചത്. തുടർന്ന് പുറക്കാട് പി.എച്ച്.സിയിൽ വിവരം അറിയിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെയാണ് ഓമനയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് മരണവിവരം ആശുപത്രി അധികൃതർ അറിയിച്ചത്. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിട്ടും ഞായറാഴ്ച വരെ, ഡയാലിസിസ് രോഗിയായ ഓമനയെ ആശുപത്രിയിലേക്കു മാറ്റാൻ ആരോഗ്യ വകുപ്പ് ജീവനക്കാർ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ഓമന മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മക്കൾ: ബിജി, ജിജി, ജീജ മരുമക്കൾ: പരേതനായ മണിയൻ, ബിജി, ഗ്രീഷ്മ