പ്ളാസ്റ്റിക് കവറുകൾ വ്യാപകം
ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധനകൾ മുടങ്ങിയ തക്കം നോക്കി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്ക് കവറുകൾ വ്യാപകമായി.
കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിലെ കടകളിൽ നടക്കുന്ന പരിശോധനകളിൽ 150 കിലോ പ്ലാസ്റ്റിക്കാണ് പിടിച്ചെടുത്തത്. ഓണവിപണിയോടെയാണ് കടകളിൽ പ്ലാസ്റ്റിക് കവർ തിരിച്ചെത്തിയത്. മാലിന്യങ്ങൾ കവറിലാക്കി വലിച്ചെറിയുന്ന പ്രവണതയും വ്യാപകമായിട്ടുണ്ട്. ഇന്നലെ മുല്ലയ്ക്കൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ 26 കടകളിൽ നിന്ന് 35 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുക്കുകയും 7500 രൂപ പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞദിവസം വെള്ളക്കിണർ ഭാഗത്ത് നടത്തിയ പരിശോധനയിൽ 65 കിലോയും, ജില്ലാ കോടതി പരിസരത്തെ കടകളിൽ നിന്ന് 40 കിലോയും വീതം പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു.
വഴിയോരത്തെ മത്സ്യക്കച്ചവടക്കാരിലടക്കം പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. തുടർന്നാണ് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് തത്സമയ പിഴ ഈടാക്കുന്നുണ്ട്.
പ്ളാസ്റ്റിക് കൈയുറകൾക്ക് വിലക്കില്ല
വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് കൈയുറകൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെങ്കിലും, കൊവിഡ് സാഹചര്യത്തിൽ അനിവാര്യമായതിനാൽ അവയ്ക്കെതിരെ നടപടിയുണ്ടാവില്ല. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ മാത്രമാണ് നിലവിലെ റെയ്ഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ. അനിൽകുമാർ, ഷംസുദ്ദീൻ, ജെ.അനിക്കുട്ടൻ, ഝാൻസി മോൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്.
....................................
നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും
കെ.കെ. മനോജ്, നഗരസഭ സെക്രട്ടറി