viju

 സ്കൂളിലെത്തി കൂട്ടുകാരെ കാണാനുള്ള കാത്തിരിപ്പ് നീളും

ആലപ്പുഴ: കൂട്ടുകാരെയും അദ്ധ്യാപകരെയും കാണാതെയുള്ള പഠനം അദ്ധ്യയന വർഷത്തിന്റെ രണ്ടാം പാദത്തിലേക്ക് കടക്കുമ്പോൾ ഇരു മനസുകളിലും നിറയെ നിരാശ. സ്കൂളിൽ പോകാൻ മടിപിടിച്ചിരുന്ന നാളുകളല്ല, എങ്ങനെയെങ്കിലും അവിടേക്ക് തിരികെച്ചെല്ലാൻ കൊതിക്കുന്ന നാളുകളെ ആഗ്രഹിക്കുകയാണ് കുട്ടിക്കൂട്ടങ്ങൾ.

അദ്ധ്യാപകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. നേരിൽ കാണാതെ പഠിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. പല പാഠഭാഗങ്ങളും വിശദമാക്കാൻ ഓൺലൈൻ ക്ലാസിൽ പരിമിതികളുണ്ട്. കണക്കിലെ ക്രിയകൾ നേരിൽ കാണാതെ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. വീഡിയോ ചിത്രീകരിച്ച് നൽകിയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കൊവിഡ്
ഒതുങ്ങാത്തിടത്തോളം സ്ഥിതിക്ക് മാറ്റമുണ്ടാകില്ല.

ചെറിയ ക്ളാസുകളിലെ ഓൺലൈൻ പഠനം തുടങ്ങുന്ന സമയത്ത് സ്മാർട്ട് ഫോൺ കൈവശമുള്ള മാതാപിതാക്കളിൽ ആരെങ്കിലും വീട്ടിലില്ലെങ്കിൽ കുട്ടിക്ക് ക്ളാസിൽ 'ഹാജരാ'കാൻ പറ്റില്ല. ഹാജരുണ്ടെങ്കിലും പഠനവും പരീക്ഷകളുമൊക്കെ ഒരു ചടങ്ങുപോലെയാണ് നടക്കുന്നത്. സ്കൂളിലെ വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയുള്ള ക്ളാസുകളിലാണ് അമ്മമാരുടെ 'സഹകരണം' കുട്ടികൾക്ക് ഏറെ ലഭിക്കുന്നത്. ടീച്ചറുടെ ചോദ്യങ്ങൾക്ക് 'അമ്മസഹായം' വഴി ലഭിക്കുന്ന ഉത്തരങ്ങൾ വാട്ട്സാപ്പ് റെക്കാഡ് ചെയ്ത് അയയ്ക്കുമ്പോൾ അദ്ധ്യാപകർക്ക് കുട്ടികളുടെ പഠന നിലവാരം കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ല. അദ്ധ്യാപകർക്ക് അവരുടെ കഴിവിന്റെ പാതി ശതമാനം പോലും പ്രകടിപ്പിക്കാനുമാവുന്നില്ല. കൊവിഡ് ഒതുങ്ങും വരെ ഇതൊക്കെത്തന്നെയാവും അവസ്ഥയെന്നാണ് വിലയിരുത്തൽ.

.......................................

അദ്ധ്യാപകനെന്ന നിലയിൽ കടുത്ത നിരാശയിലാണ്. കുട്ടികളില്ലാതെ അടഞ്ഞുകിടക്കുന്ന വിദ്യാലയവും കളിക്കളങ്ങളും സങ്കടപ്പെടുത്തുന്നു. ഡിസംബറിലോ ജനുവരി ആദ്യമോ അദ്ധ്യയനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ്. ഓൺലൈൻ വിദ്യാഭ്യാസം ഒരു താത്കാലിക സംവിധാനമായേ കാണുന്നുള്ളു. കുട്ടികൾ ടിവി ,മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ മുന്നിൽ തളച്ചിടപ്പെട്ടു കഴിഞ്ഞു. ഇനി ഈ വർഷം മത്സരങ്ങൾക്കും മേളകൾക്കും പ്രസക്തിയില്ലെങ്കിലും ചെറിയ ഫിസിക്കൽ ആക്ടിവിറ്റികളിലൂടെ ഫിറ്റ്നസ് നിലനിറുത്തുകയും അതുവഴി കുട്ടികളുടെ സ്ട്രെസ്, വിഷാദാവസ്ഥ എന്നിവ കുറച്ച് ആരോഗ്യമുള്ള ഏറെ പ്രതിരോധ ശക്തിയുള്ള തലമുറയെ സൃഷ്ടിക്കുകയും ചെയ്യാം

(വി. വിജു, കായികാദ്ധ്യാപകൻ, എസ്.എൻ.എം ഗവ.ബോയ്സ് എച്ച്.എസ്.എസ്, ചേർത്തല)

......................

ഏത് സാഹചര്യത്തെയും അതിജീവിക്കാൻ നമ്മൾ പഠിച്ചേ പറ്റൂ. പൂരം കഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയാണ് ഇന്ന് വിദ്യാലയങ്ങൾ.കുട്ടികളില്ലാത്ത ക്ലാസുകൾ കാണുമ്പോൾ ഏറെ പ്രയാസമുണ്ട്. അദ്ധ്യാപകരിൽ നിന്ന് ലഭിക്കുന്നതിലുപരി, സ്വയം അപഗ്രഥിച്ച് മനസിലാക്കാൻ കുട്ടികൾ ശ്രമിക്കണം. ഗുരുമുഖത്ത് നിന്ന് ലഭിക്കുന്ന അദ്ധ്യയനത്തോളം വരില്ല ഓൺലൈൻ വിദ്യാഭ്യാസം. കുട്ടികൾക്ക് പഠനാനുഭവങ്ങൾ നഷ്ടപ്പെടുകയാണ്. വിദ്യാലയങ്ങളിൽ മാത്രം ലഭിക്കുന്ന മാനസികോല്ലാസം അവർക്ക് നഷ്ടമാകുന്നു. മാനസികം, സാമൂഹികം, സാമ്പത്തികം, ശാരീരികം, ആത്മീയം എന്നീ മേഖലകളെയും കൊവിഡ് പ്രതികൂലമായി ബാധിക്കുന്നു

(ആസിഫ ഖാദർ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്, ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഹരിപ്പാട്)

..............................

ഓണം കഴിയുമ്പോൾ സ്കൂൾ തുറക്കുമെന്ന് കരുതിയതും വെറുതെയായി. ഓൺലൈൻ ക്ലാസും ഓൺലൈൻ ട്യൂഷനും കൃത്യമായി നടക്കുന്നുണ്ടെങ്കിലും കൂട്ടുകാരെ കാണാതെയുള്ള ക്ലാസുകൾ വലിയൊരു നഷ്ടം തന്നെയാണ്. വീട്ടിൽ തന്നെ ഇരുന്ന് ആകെ മടുപ്പായി. അച്ഛനും അമ്മയും രാവിലെ ജോലിക്ക് പോയിക്കഴിഞ്ഞാൽ തനിച്ചിരിക്കണം. മുൻപൊക്കെയാണേൽ കൂട്ടുകാരുടെ വീട്ടിലും മൈതാനത്തും കളിക്കാൻ പോകാമായിരുന്നു. ഇപ്പോൾ അതൊന്നും സാധിക്കുന്നില്ല. സ്കൂൾ എത്രയും പെട്ടെന്ന് തുറക്കണം എന്നാണ് ആഗ്രഹം.


(അഖിൽ രാജ്, 9-ാം ക്ലാസ് ഗവ. മോഡൽ സ്കൂൾ, അമ്പലപ്പുഴ

................................

മുമ്പ് അവധിക്കാലത്തിനു വേണ്ടി കാത്തിരിക്കുമായിരുന്നു. ഇപ്പോൾ സ്കൂളൊന്ന് തുറക്കാനുള്ള കാത്തിരിപ്പിലാണ്. സ്കൂളിനെയും കൂട്ടുകാരെയും ടീച്ചർമാരെയുമെല്ലാം മിസ് ചെയ്യുന്നുണ്ട്. എല്ലാദിവസവും ഓൺലൈനിൽ എല്ലാവരെയും കാണുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. ഇപ്പോൾ കലാപരിശീലനത്തിന് കൂടുതൽ സമയം കിട്ടുന്നുണ്ട്. ക്രാഫ്റ്റ് നിർമ്മാണം, ഡാൻസ് പഠനം എന്നിവയ്ക്ക് കൂടുതൽ സമയം ലഭിക്കുന്നുണ്ട്. പിന്നെ ഒരു യൂ ടൂബ് ചാനൽ ആരംഭിക്കാനും സാധിച്ചു. എന്നാലും സ്കൂളിലെത്തി കൂട്ടുകാരോടൊത്ത് ചേരുമ്പോൾ കിട്ടുന്ന സന്തോഷത്തോളം വരില്ല മറ്റൊന്നും

ശിവാംഗി പ്രതീഷ്, 6-ാം ക്ലാസ്, സെന്റ് ആൻസ് പബ്ലിക് സ്കൂൾ, ചേർത്തല

...............................................................

 'ചില്ല്' എന്ന സിനിമയ്ക്കു വേണ്ടി 1982ൽ ഒ.എൻ.വി എഴുതിയ കവിതയുടെ ആദ്യ വരികൾ

ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാൻ മോഹം
മരമൊന്നുലുത്തുവാൻ മോഹം

അടരുന്ന കായ്മണികൾ പൊഴിയുമ്പോൾ
ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാൻ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണർവെള്ളം കോരിക്കുടിച്ച്
എന്തു മധുരമെന്നോതുവാൻ മോഹം