ആലപ്പുഴ : മത്സ്യഫെഡിന്റെ കരുവാറ്റ ഫിഷ് മാർട്ടിന്റെയും മത്സ്യസംഭരണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നാളെ രാവിലെ 9 ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവ്വഹിക്കും. തീരത്ത് നിന്ന് വിപണിയിലേക്ക് എന്ന മത്സ്യഫെഡിന്റെ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നേരിട്ട് അവരിൽനിന്ന് സംഭരിച്ച് ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് എത്തിക്കുന്നതിന് വേണ്ടി ജില്ലയിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഫിഷ് മാർട്ടാണിത്. ജില്ലയിലെ ആദ്യത്തെ മത്സ്യസംഭരണകേന്ദ്രവുമാണ് കരുവാറ്റയിലേത്.

കരുവാറ്റ കടുവംകുളങ്ങര ബസ് സ്റ്റോപ്പിന് സമീപമുള്ള ഫിഷ് മാർട്ട് അങ്കണത്തിൽ(ആഞ്ഞിലിവേലി ചന്ത ) നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാതക്ക് കൈമാറി ആദ്യ വിൽപ്പന നിർവഹിക്കും. മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ലോറൻസ് ഹറോൾഡ്, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരിയിൽ തുടങ്ങിയവർ പങ്കെടുക്കും.