ആലപ്പുഴ: നഗരത്തിലെ എയ്റോബിക് യൂണിറ്റുകൾ ആകർഷകമായ വിധത്തിൽ ആധുനികവത്കരിക്കുന്നു. സിമന്റ് ബെഞ്ച്, സെൽഫി പോയിന്റ്, വെർട്ടിക്കൽ ഗാർഡൻ എന്നിവയോട് കൂടി ജനങ്ങൾക്ക് വിശ്രമിക്കാൻ സാധിക്കുന്ന തരത്തിലാവും ആധുനികവത്കരണം. നിരീക്ഷണത്തിന് കാമറ സംവിധാനവും ഒരുക്കും.
നഗരത്തിൽ 34 എയറോബിക് യൂണിറ്റാണുള്ളത്. ഇതിൽ സ്ഥല സൗകര്യങ്ങളുള്ള യൂണിറ്റുകളാണ് മോടിപിടിപ്പിക്കുക. എസ്.ഡി കോളേജ്, കളക്ടറേറ്റ്, സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് സ്കൂൾ, എസ്.ഡി.വി സ്കൂൾ, മുപ്പാലം, കൊട്ടാരപ്പാലം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ദുർഗന്ധം പുറത്തുവരാത്ത തരത്തിൽ പ്രത്യേക ശ്രദ്ധയോടെ മാലിന്യ നിക്ഷേപം നടത്തും. വിപരീതമായി ചെയ്യുന്നവരെ നിരീക്ഷിക്കാനാണ് കാമറ സംവിധാനം ഉപയോഗിക്കുന്നത്. മാലിന്യങ്ങൾ തരം തിരിച്ച് സ്വീകരിക്കുന്ന എയ്റോബിക്ക് യൂണിറ്റുകൾ, സ്ഥല പരിമിതി മൂലം വിഷമിക്കുന്ന നഗരവാസികൾക്ക് ഏറെ ആശ്വാസമാണ്.
....................................
പദ്ധതിയിൽ ഉൾപ്പെടുന്നത്
സെൽഫി പോയിന്റ്, വെർട്ടിക്കൽ ഗാർഡൻ, വിശ്രമിക്കാൻ സിമന്റ് ബെഞ്ച്
.........................................
മാലിന്യം എത്തിക്കുന്ന സ്ഥലമെന്നാൽ ദുർഗന്ധപൂരിതം എന്ന തോന്നലിനാണ് മാറ്റം വരുത്താൻ ശ്രമിക്കുന്നത്. സ്ഥല സൗകര്യമുള്ള യൂണിറ്റുകളിലാണ് പദ്ധതി നടപ്പാക്കുക
ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭ ചെയർമാൻ