ഹരിപ്പാട്: സുനാമിബാധിത തീരദേശ പഞ്ചായത്തായ ആറാട്ടുപുഴയിലെ വലിയഴീക്കലിൽ ഐ.ആർ.ഇ സ്ഥാപിക്കുന്ന കരിമണൽ ഖനനപ്ലാന്റ് പ്രദേശവാസികളിൽ വലിയ തോതിലുള്ള ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
അറബിക്കടലിനും, കായംകുളം കായലിനും മദ്ധ്യേ ഏകദേശം 30 മുതൽ 300 മീറ്റർ വരെ വീതിയുള്ള തുരുത്താണ് ആറാട്ടുപുഴ. ഈ പ്രദേശത്ത് നടത്തുന്ന ഏതൊരു ഖനനവും സർവ്വനാശത്തിന് കാരണമാകും. കായംകുളം ഫിഷിംഗ് ഹാർബറിലൂടെ കടന്നുപോകുന്ന മത്സ്യബന്ധന യാനങ്ങളുടെ സഞ്ചാരപാത സുഗമമാക്കുന്നതിനാണ് ഡ്രഡ്ജിംഗ് നടത്തുന്നതെന്നാണ് സർക്കാർ വാദമെങ്കിലും ദീർഘകാല കരിമണൽ ഖനനത്തിനാണ് സ്‌പൈറൽ യൂണിറ്റ് സ്ഥാപിച്ചതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. പ്രദേശത്തെ ഖനനനീക്കം ആറാട്ടുപുഴ പഞ്ചായത്തിനോടൊപ്പം തൃക്കുന്നപ്പുഴ പഞ്ചായത്ത് അടക്കമുള്ള സമീപപ്രദേശങ്ങളേയും സാരമായി ബാധിക്കും.ഡ്രഡ്ജിംഗ് പ്രവർത്തനങ്ങളിൽ നിന്നു ലഭിക്കുന്ന മണൽ ആറാട്ടുപുഴയുടെ തീരസംരക്ഷണത്തിന് മാത്രമായി വിനിയോഗിക്കണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.