s

 സമ്പർക്കം ഒഴിവാക്കി വീടുകളിൽ താമസിക്കാം

ആലപ്പുഴ: രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരെ വീടുകളിൽ തന്നെ സമ്പർക്കം ഒഴിവാക്കി താമസിക്കാൻ അനുവദിക്കുമെന്ന് കളക്ടർ എ. അലക്‌സാണ്ടർ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. മതിയായ സൗകര്യങ്ങളുള്ള വീടുകളിൽ സർക്കാർ അനുമതിയോടെ കഴിയുന്ന രോഗികൾക്കും കുടുംബാംഗങ്ങൾക്കും മാനസിക പിന്തുണ നൽകാൻ പൊതുസമൂഹം തയ്യാറാകണമെന്നും അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു.
രോഗം സ്ഥിരീകരിച്ചശേഷം ആരോഗ്യ വകുപ്പിൽ നിന്ന് ബന്ധപ്പെടുമ്പോൾ ഹോം ഐസൊലേഷനിൽ കഴിയാൻ ആഗ്രഹിക്കുന്നവർക്ക് ഇക്കാര്യം അറിയിക്കാം. രോഗിയുടെ പൂർണ്ണ സമ്മതത്തോടെ മാത്രമേ ഹോം ഐസോലേഷന്‍ നിർദ്ദേശിക്കുകയുള്ളു. രോഗിക്ക് അതത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടുകയും ചെയ്യാം. അറ്റാച്ച്ഡ് ബാത്ത് റൂം ഉൾപ്പെടെ വീട്ടിൽ മതിയായ സൗകര്യങ്ങളുണ്ടെന്നും റൂം ഐസൊലേഷൻ അനുവദിക്കാവുന്ന വിഭാഗത്തിൽപ്പെട്ടയാളാണെന്നും സ്ഥിരീകരിച്ചശേഷം പ്രാദേശിക ആരോഗ്യ കേന്ദ്രമാണ് അനുമതി നൽകേണ്ടത്. ഗൾഭിണികൾ, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാർ, മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ എന്നിവർക്ക് ഹോം ഐസോലേഷൻ അനുവദിക്കില്ല.
...............................

 ഓക്സിജൻ അളവ് നോക്കണം


ഹോം ഐസൊലേഷനിലുള്ള രോഗി നിത്യവും രക്തത്തിലെ ഓക്‌സിജൻ അളവ്, പള്‍സ് ഓക്‌സിമീറ്റർ ഉപയോഗിച്ച് പരിശോധിക്കേണ്ടതും രേഖപ്പെടുത്തി വയ്‌ക്കേണ്ടതുമാണ്. വിവരങ്ങൾ ഫോണിലൂടെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ഗൃഹചികിത്സയിലുള്ള രോഗികൾക്ക് ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്കായി കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 7594041649, 7593830460, 0477 2238651, 2238641,2238642

.........................................

 രോഗി താമസിക്കുന്ന മുറി വായു സഞ്ചാരമുള്ളതും ടോയ്‌ലറ്റ് ചേർന്നുള്ളതുമായിരിക്കണം.
 റൂം ഐസോലേഷനിൽ രോഗിയുള്ള വീട്ടിൽ നിന്നും പ്രായമുള്ളവരെയും ഗുരുതര രോഗമുള്ളവരെയും മാറ്റിപ്പാർപ്പിക്കണം

 രോഗിക്ക് വീട്ടിലെ മറ്റ് അംഗങ്ങളുമായി യാതൊരു സമ്പർക്കവും പാടില്ല
 രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ,ടോയ്‌ലറ്റ്, മറ്റ് സ്പർശന തലങ്ങൾ എന്നിവ നിത്യവും അണുവിമുക്തമാക്കണം
 രോഗി സമീകൃത ആഹാരം കൃത്യസമയത്ത് കഴിക്കണം.
 ധാരാളം ചെറു ചൂടുവെള്ളവും, വീട്ടിൽ ലഭ്യമായ മറ്റ് പാനീയങ്ങളും കുടിക്കണം
 നന്നായി ഉറങ്ങണം, വിശ്രമിക്കണം
 പനി, ചുമ, ശ്വാസം മുട്ടൽ, മണം തിരിച്ചറിയാതിരിക്കുക തുടങ്ങി ലക്ഷണങ്ങൾ സ്വയം നിരീക്ഷിക്കണം

 രോഗിയും ശുശ്രൂഷിക്കുന്ന ആളും 3 പാളികളുള്ള മാസ്‌ക് ധരിക്കണം
 ധരിക്കുന്ന വസ്ത്രങ്ങൾ രോഗി തന്നെ കുളിമുറിയ്ക്കുള്ളിൽ കഴുകേണ്ടതാണ്
 മാസ്‌ക്, മറ്റ് മാലിന്യങ്ങൾ തുടങ്ങിയവ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യണം