അമ്പലപ്പുഴ: ആലപ്പുഴ ബീച്ചിൽ കളിക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നു വഴുതിപ്പോയി തിരയിൽപ്പെട്ട രണ്ടര വയസുകാരന്റെ മൃതദേഹം ഇന്നലെ രാവിലെ പുന്നപ്ര കടൽത്തീരത്തടിഞ്ഞു.
പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടിൽ ലക്ഷ്മണൻ-അനിത (മോളി) ദമ്പതികളുടെ മകൻ ആദികൃഷ്ണയുടെ മൃതദേഹമാണ് കോസ്റ്റ്ഗാർഡ്, പൊലീസ്, ലൈഫ്ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ തീരത്തടിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മൂത്തകുട്ടിയെയും അനിതയെയും ഇവരുടെ സഹോദരന്റെ കുട്ടിയെയും ബന്ധുവായ ബിനു രക്ഷപ്പെടുത്തിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45നായിരുന്നു സംഭവം. ബീച്ച് സന്ദർശനത്തിന് വിജയ പാർക്കിന് സമീപം എത്തിയ സംഘത്തെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പൊലീസ് തിരിച്ചയച്ചതോടെ ഇവര് ഇ.എസ്.ഐ ആശുപത്രിക്കു സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തുകയായിരുന്നു. പുന്നപ്ര പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.