മാവേലിക്കര- സർക്കാർ ആംബുലൻസിൽ ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആരോഗ്യ മന്ത്രി രാജിവെയ്ക്കണമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയ്ക്ക് സർക്കാർ ജോലി നൽകണമെന്നും മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി രജനി ഷിബുകുമാർ ആവശ്യപ്പെട്ടു. മഹിളാ ഐക്യവേദി സംഘടിപ്പിച്ച് താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മഹിളാ ഐക്യവേദി മാവേലിക്കര താലൂക്ക് സെക്രട്ടറി വിലാസിനി മഹേഷ് അദ്ധ്യക്ഷയായി. സമ്മേളനത്തിൽ താലൂക്ക് ട്രഷറർ രഞ്ജിനി വിനോദ്, വൈസ് പ്രസിഡന്റ് അംബികാദേവി, സമതി അംഗം സൂര്യ ഉമേഷ് എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് പി.ബി. വാസുദേവൻ പിള്ള, ജനറൽ സെക്രട്ടറി പി.സൂര്യകുമാർ, സെക്രട്ടറി പുന്നമൂട് മനോജ്, നഗരസഭ ജനറൽ സെക്രട്ടറി മറ്റം മനോജ്, സംഘടന സെക്രട്ടറി ഉമേഷ് എന്നിവർ പങ്കെടുത്തു.