തുറവൂർ: എസ്.എൻ.ഡി.പി.യോഗം കാടാതുരുത്ത് 537-ാം നമ്പർ ശാഖയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം അമ്പഴത്തറയിൽ കാർത്ത്യായനി (95) നിര്യാതയായി. അവിവാഹിതയാണ്. ഉറ്റവർ ആരുമില്ലാതിരുന്ന ഇവർക്ക് ജീവിത സായാഹ്നത്തിൽ തുണയായത് ശാഖായോഗം പ്രവർത്തകരായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ കിടപ്പിലായ കാർത്ത്യായനിക്ക് മരുന്നിനും ഭക്ഷണത്തിനും പുറമേ ഒരു വനിതാസഹായിയേയും ഏർപ്പെടുത്തിയിരുന്നു. രണ്ട് സെന്റിലെ വീട്ടിലാണ് കാർത്ത്യായനി താമസിച്ചിരുന്നത്. ഇവയെല്ലാം ശാഖാ യോഗത്തിന് സംഭാവനയായി കൈമാറിയിരുന്നു. ശാഖാപ്രസിഡന്റ് എം.ആർ. ലോഹിതാക്ഷൻ, സെക്രട്ടറി എം.വിശ്വംഭരൻ, കാടാതുരുത്ത് ദേവസ്വം മാനേജർ ആർ.രമേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, വാർഡ് അംഗം സരസമ്മ വിജയൻ തുടങ്ങി നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.