ചാരുംമൂട് : പാലമേൽ പഞ്ചായത്ത് പ്രദേശത്ത് കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്നതിന് പിന്നാലെ കാട്ടുപന്നിക്കൂട്ടം കർഷകരെയും അക്രമിച്ചു. രണ്ടു കർഷകർ പരിക്കേറ്റ് ആശുപത്രിയിൽ .തിങ്കളാഴ്ച രാത്രി 10 മണിക്ക് ശേഷമായിരുന്നു കാട്ടുപന്നികളുടെ അക്രമം ഉണ്ടായത്. കർഷകരായ മറ്റപ്പള്ളി സുമോദ് ഭവനത്തിൽ സോമൻ (61) മിൽസി ഭവനത്തിൽ മാത്യു (50) എന്നിവരാണ് പരിക്കേറ്റ് അടൂർ , പന്തളം ആശുപത്രികളിലുള്ളത്. മാർക്കറ്റിൽ വെറ്റ വിൽക്കാൻ പോയി ബൈക്കിൽ മടങ്ങുമ്പോൾ
കുളത്തിന്റെതറ ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന പന്നിക്കൂട്ടം ഇവരെ അക്രമിക്കുകയായിരുന്നു. തലയ്ക്കും, കാലുകൾക്കുമൊക്കെയാണ് പരിക്ക്.
പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി, കഞ്ചുകോട്, പുലിക്കുന്ന്, കുടശ്ശനാട് , കാവുംപാട് ,
ആദിക്കാട്ടുകുളങ്ങര, മുതുകാട്ടുകര തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. നാലു മാസം മുമ്പു മുതലാണ് പന്നികളുടെ ശല്യം വ്യാപകമായി തുടങ്ങിയത്. ഡി.എഫ്.ഒ ഓഫീസുമായി ബന്ധപ്പെട്ട് ഇതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പന്നി ശല്യത്തിനെതിരെ വനം വകുപ്പിന്റെ ഇടപെടൽ അടിയന്തിരമായി ഉണ്ടാകണമെന്ന് കോൺഗ്രസ് -എസ് ആക്ടിംഗ് പ്രസിഡന്റ് പ്രഭ വി.മറ്റപ്പള്ളി ആവശ്യപ്പെട്ടു. ഈ ആവശ്യം വനം വകുപ്പ് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.