uparodham

ചാരുംമൂട്: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് മഹിള മോർച്ച പ്രവർത്തകർ ചാരുംമൂട്ടിൽ നടത്തിയ സമരത്തിൽ പൊലീസുമായി സംഘർഷം. പ്രവർത്തകർ കെ.പി റോഡ് ഉപരോധിച്ചു.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് മന്ത്രിയുടെ കോലവുമായി മുപ്പതോളം വരുന്ന മഹിളാ മോർച്ച പ്രവർത്തകർ ജംഗ്ഷനിൽ പ്രകടനം നടത്തിയത്. ബി.ജെ.പി നേതാക്കളും ഒപ്പമുണ്ടായിരുന്നു. മന്ത്രിയുടെ

കോലം കത്തിച്ച ശേഷം പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ ഗതാഗത തടസമുണ്ടായി. ഈ സമയം സ്ഥലത്തുണ്ടായിരുന്ന എസ്.ഐ റഹ്മാബീവിയും രണ്ട് വനിതാ പോലീസുകാരും ചേർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനെത്തിയെങ്കിലും വഴങ്ങിയില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ നീക്കുകയായിരുന്നു. ഇതാണ് വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കിയത്. പ്രവർത്തകരെയെല്ലാം റോഡിൽ നിന്നു നീക്കിയതോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ജില്ലാ പ്രസിഡന്റ് കലാരമേശ് ഉദ്ഘാടനം ചെയ്തു. പൊന്നമ്മ സുരേന്ദ്രൻ, അംബികാദേവി, പുഷ്പലത, സവിതാ സുധി, സ്മിത ഓമനക്കുട്ടൻ, സ്വപ്ന, പത്മകുമാരി എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

മഹിള മോർച്ച പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി

ഹരീഷ് കാട്ടൂർ, കെ.വി.അരുൺ, മധു ചുനക്കര, പീയുഷ് ചാരുംമൂട്, അനിൽ നൂറനാട്, അനിൽ വള്ളികുന്നം, സുകുമാരൻ നായർ, സുധി തളിരാടി, സന്തോഷ് ചത്തിയറ, കെ ദിലീപ് തുടങ്ങിയവർ സംസാരിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ ഇന്ന് കരിദിനം ആചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.