ആലപ്പുഴ: നഗരത്തിലെ വ്യാപാരികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പ്രതിയായ, മുല്ലയ്ക്കൽ ഇടത്തിൽ വീട്ടിൽ കബീറിന്റെ വീട്ടിൽ ആലപ്പുഴ സൗത്ത് പൊലീസ് പരിശോധന നടത്തി. മുല്ലയ്ക്കൽ എ.വി.ജെ ജംഗ്ഷനു സമീപം മൊബൈൽ ഫോൺ കട നടത്തുകയാണ് കബീർ.
കേസിന് ആസ്പദമായ സംഭവമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും റെയ്ഡിൽ കണ്ടെത്താനായില്ല. ചില മുദ്രപ്പത്രങ്ങൾ പിടിച്ചെടുത്തു. ഇവ പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. കബീർ ഒളിവിലാണെന്ന് സൗത്ത് പൊലീസ് അറിയിച്ചു. നഗരത്തിലെ വ്യാപാരികളാണ് കബീറിനെതിരെ പരാതി നൽകിയിരിക്കുന്നത്. സിഐ എ.കെ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.