തീറ്റയ്ക്ക് വലിയ ചെലവ്
ആലപ്പുഴ: കൊവിഡിൽ വലഞ്ഞ താറാവ് കർഷകർക്ക് നീന്തിക്കയറാൻ ഇടമില്ല. ആലപ്പുഴ-ചങ്ങനാശേരി റോഡരികിൽ എ.സി കനാലിനോട് ചേർന്ന് മനക്കച്ചിറയിൽ നിരവധി പേരാണ് താറാവ് കച്ചവടം നടത്തിയിരുന്നത്.
താറാവ് വില്പന നടന്നില്ലെങ്കിലും തീറ്റ കൊടുക്കാതിരിക്കാനാവില്ല. ലോക്ക് ഡൗൺ ഇളവുകൾ വന്നതിന് ശേഷവും താറാവ് ഇറച്ചി, മുട്ട കച്ചവടം സജീവമായില്ല. യാത്രക്കാരാണ് കൂടുതലായും താറാവിനെ വാങ്ങുന്നത്. ഇപ്പോൾ അതും കുറവാണ്. തീറ്റയ്ക്കും മറ്റുമുള്ള ചെലവും കൂടുതലാണ്. ഒരു ഇറച്ചിത്താറാവിന് 350 രൂപയാണ്. 15 വർഷമായി താറാവ് കച്ചവടം നടത്തുന്നവരുമുണ്ട്. എ.സി റോഡിൽ മുപ്പതിലധികം താറാവ് വില്പന കേന്ദ്രങ്ങളുണ്ട്.കൊവിഡിനെ തുടർന്ന് എല്ലാ വില്പന കേന്ദ്രങ്ങളുടെയും അവസ്ഥ സമാനമാണ്.
കൂട്ടമായി താറാവുകളെ തീറ്റിക്കാനും മറ്റും കൊണ്ടുപോകാൻ ഒന്നിലധികം തൊഴിലാളികളെ ആവശ്യമാണ്. അവരുടെ പ്രതിദിന ചെലവ്, കൂലി എന്നിവയുടെ കണക്ക് കൂട്ടുമ്പോൾ വരുമാനം തികയില്ലെന്ന് താറാവ് കർഷകർ പറയുന്നു. കഴിഞ്ഞ ഈസ്റ്റർ വിപണിയും ലോക്ക് ഡൗണും കൊവിഡും തിരിച്ചടിയായി. താറാവിന്റെ തീറ്റപ്പനയ്ക്ക് ക്ഷാമവുമുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ആയിരക്കണക്കിന് താറാവുകളാണ് ഒഴുക്കിൽപ്പെട്ടത്. കൊവിഡ് പിടിവിട്ടില്ലെങ്കിൽ ക്രിസ്മസ് സീസണും നഷ്ടമാകുമെന്ന അങ്കലാപ്പിലാണ് കർഷകർ.
..............
യാത്രക്കാർ കുറവായതിനാൽ കച്ചവടം തീരെയില്ല. പേരിനെങ്കിലും ചെലവുള്ളത് മുട്ടയ്ക്കു മാത്രമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ മേഖലയ്ക്ക് ദുരിതം തന്നെയാണ്. ക്രിസ്മസിന് മുമ്പ് കൊവിഡ് ഒഴിഞ്ഞുപോയാൽ ഒരുപക്ഷേ വിപണിയിൽ ഉണർവ് ലഭിച്ചേക്കും
വർഗീസ്, താറാവ് കർഷകൻ