photo

ആലപ്പുഴ: കാന നിർമ്മാണത്തിനായി കോൺക്രീറ്റ് റോഡ് പൊളിച്ചതോടെ താനാകുളം കുടുംബികോളനി റോഡിലൂടെയുള്ള യാത്ര ദുരിതത്തിലായി. നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാനയുടെ നിർമ്മാണത്തിനായി എസ്.ഡി കോളേജിന് തെക്ക്ഭാഗത്ത് ദേശീയപാതയിൽ നിന്ന് താനാകുളം വരെയുള്ള കോൺക്രീറ്റ് റോഡ് പൊളിച്ചത്.

നിലവിലുള്ള റോഡിൽ നിന്ന് രണ്ടടി ഉയരത്തിൽ സൈഡിലൂടെയുള്ള കാനയുടെ നിർമ്മാണം പൂർത്തീകരിച്ചു. മഴക്കാലം ആരംഭിച്ചതോടെ റോഡ് തോടായി മാറി. നിലവിലെ കോൺക്രീറ്റ് റോഡ് പൊളിച്ചതിനാൽ കാൽനടയാത്ര പോലും സാദ്ധ്യമാവാത്ത സാഹചര്യമായി. 100ഓളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന റോഡാണിത്. 4.5 മീറ്റർ വീതിയുള്ള റോഡിലൂടെ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുമായിരുന്നു. കാനയുടെ ഉയരത്തിനനുസരിച്ച് റോഡ് ഉയർത്താത്തതിനാലാണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്. കാനയും റോഡും ഉൾപ്പെട്ട പദ്ധതിയാണെന്നാണ് റോഡ് പൊളിക്കുന്നതിന് മുമ്പ് നഗരസഭ അധികാരികൾ പറഞ്ഞത്.

കാനയുടെ പണി പൂർത്തീകരിച്ചിട്ടും റോഡുപണി നടക്കാത്തതിനാൽ പ്രദേശവാസികൾ നഗരസഭയെ സമീപിച്ചു. റോഡ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു മറുപടി. എന്നാൽ റോഡ് പൊതുമരാമത്ത് വകുപ്പ് എടുക്കുന്നതിനാൽ നഗരസഭയിൽ നിന്ന് പണം അനുവദിക്കാൻ കഴിയില്ലെന്നായി അടുത്ത നിലപാട്. വ്യക്തമായ മറുപടി ലഭിക്കാതെ ആശങ്കപ്പെടുകയാണ് പ്രദേശത്തെ കുടുംബങ്ങൾ. രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷയോ ഇരുചക്രവാഹനമോ കടന്നുവരാത്ത അവസ്ഥയാണ് നിലവിൽ.

...............................

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാനയുടെ നിർമ്മാണം പൂർത്തീകരിച്ചത്. പ്രദേശവാസികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനം എടുക്കും

ബഷീർ കോയാപറമ്പിൽ, ചെയർമാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

................................

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കാന നിർമ്മിച്ചെങ്കിലും കാനയിലൂടെ വെള്ളം ഒഴുകുന്നില്ല. പകരം റോഡാണ് കാനയായി മാറിയിരിക്കുന്നത്. നൂറോളം കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്തണം

ചന്ദ്രശേഖരൻ, പ്രദേശവാസി