ആലപ്പുഴ:വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കഭീതിയിൽ മുല്ലയ്ക്കൽ തെരുവ്. വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കേസുകൾ റിപ്പോർട്ട് ചെയ്തത് ജനങ്ങളെ ആശങ്കയിലാക്കുകയാണ്. കേസുകൾ കൂടിയതോടെ മുല്ലയ്ക്കൽ തെരുവ് കണ്ടെയിൻമെന്റ് സോണാകാനുള്ള സാധ്യതയേറി. ഇതിനായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. മൂന്ന് വ്യാപാര സ്ഥാപനങ്ങളിലുള്ളവരുടെ പരിശോധനാഫലം പോസിറ്റീവായി. സമാനമായി മറ്റിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും പ്രാഥമിക സമ്പർക്കത്തിലുള്ളവർ ഉണ്ടെന്നാണ് നഗരസഭ ആരോഗ്യവിഭാഗം പറയുന്നത്. രോഗം പകരാനുള്ള സാധ്യത പരിഗണിച്ചാണ് കണ്ടൈൻമെന്റ് സോണാക്കുക. അതേ സമയം രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് നഗരസഭാ ജനപ്രതിനിധികളയോ, ആരോഗ്യ വിഭാഗം പ്രവർത്തകരയോ, വാർഡ് തല ജാഗ്രത സമിതികളെയോ അറിയിക്കുന്നില്ലെന്ന് നഗരസഭയുടെ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിന്റെ അവലോകനയോഗത്തിൽ കുറ്റപ്പെടുത്തി. രോഗികളെ മാറ്റുന്നതിനുള്ള കാലതാമസമൊഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റെയ്ബാൻ ഓഡിറ്റോറിയത്തിൽ ഉടനടി ചികിത്സാ സൗകര്യങ്ങൾ പ്രവർത്തന സജ്ജമാക്കുവാനും യോഗം തീരുമാനിച്ചു.