ആലപ്പുഴ: തണ്ണീർമുക്കം വടക്ക് കയർ വ്യവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഓൺലൈൻ വഴി നിർവഹിച്ചു. രണ്ടാം കയർ പുനഃസംഘടനയുടെ ഭാഗമായാണ് സംസ്ഥാനത്തെ 100 കയർ സംഘങ്ങളിൽ 1000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ സർക്കാർ സ്ഥാപിക്കുന്നത്.
കയർ വ്യവസായത്തിന്റെ പ്രൗഢി വീണ്ടെടുക്കാനുള്ള സർക്കാരിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് കയർ സംഘങ്ങളിൽ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളെന്ന് മന്ത്രി പറഞ്ഞു. നഷ്ടം ഉണ്ടാവാതെ ഏതൊരു വ്യവസായത്തെയും മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കയർമേഖലയുടെ നവീകരണം ലക്ഷ്യമിട്ടു കയർ വകുപ്പും സർക്കാരും നടപ്പാക്കുന്ന പദ്ധതികൾക്ക് കയർപിരി മേഖലയുടെ തകർച്ചയ്ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാവുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സ്പിന്നിംഗ് മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മം കയർ മെഷീൻ മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ കെ.പ്രസാദ് നിർവഹിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ്, സംഘം പ്രസിഡന്റ് പി.എസ്.സന്തോഷ് കുമാർ, കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ.സായ് കുമാർ, കയർഫെഡ് ഡയറക്ടർ ബോർഡ് അംഗം രാമ മദനൻ, സംഘം സെക്രട്ടറി പി.പ്രകാശൻ, പ്രൊജക്ട് ഓഫീസർ കെ.എസ്.ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.