കുട്ടനാട് : എടത്വാ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ തോട്ടുതീരത്തും പാടശേഖരത്തിന്റെ തുരുത്തിൽ താമസക്കാരായ മുപ്പതിലേറെ കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമല്ലാതായിട്ട് നാളേറെയായി. പ്രദേശവാസികളുടെ അപേക്ഷയെത്തുടർന്ന് മുൻ എം.എൽ.എ തോമസ്ചാണ്ടി ഇടപെട്ട് പൈപ്പ് ഇടുന്നതിനായി 70000 രൂപ അനുവദിച്ചിരുന്നു. എന്നാൽ പൈപ്പ് ലൈൻ ഇടുന്നതിനായി പഞ്ചായത്ത് വഴി കുഴിക്കാൻ അനുവദിക്കില്ല എന്ന വാദവുമായി വാർഡ് മെമ്പർ രംഗത്ത് വന്നതിനെ തുടർന്ന് ഇവിടുത്തെ താമസക്കാർ പഞ്ചായത്ത് പടിക്കൽ സമരം നടത്തി. തുടർന്നാണ് പൈപ്പിടാൻ സാധിച്ചത്. പൈപ്പിട്ട് ഏറെ നാളായെങ്കിലും വെളളം എടുക്കുന്നതിനായി ടാപ്പ് സൗകര്യം ആയിട്ടില്ല. രണ്ട് ടാപ്പിട്ട് വെളളം എടുക്കുവാനുളള സൗകരൃം ഒരുക്കിയാൽ ഈ പ്രദേശത്ത് മുപ്പതോളം കുടുംബങ്ങളുടെ കുടിവെളള പ്രശ്നത്തിനു പരിഹാരമാവുമെന്ന് നാട്ടുകാർ പറയുന്നു.