വിമത സ്ഥാനാർത്ഥികൾക്ക് വെവ്വേറെ ചിഹ്നം
ചേർത്തല: എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാൻ പത്രിക സമർപ്പിച്ച 23 പേർ പിന്മാറി. 3 (ഡി) വിഭാഗത്തിൽ 26ന് ചേർത്തല എസ്.എൻ കോളേജിൽ നടക്കുന്ന വോട്ടെടുപ്പിൽ 224 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്.
എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെളളാപ്പള്ളി നടേശൻ നയിക്കുന്ന ഔദ്യോഗിക പാനലിന് എതിരായി 115 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. വെളളാപ്പളളിയെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷത്തിന്റെ ചിഹ്നം താക്കോലാണ്. മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ മൂന്നിൽ രണ്ടുപേർ ഒന്നിച്ച് ആവശ്യപ്പെട്ടാലേ പൊതുചിഹ്നം അനുവദിക്കുകയുള്ളൂവെന്നാണ് നിയമം.എതിർ ചേരിക്ക് ഇങ്ങനെ പിന്തുണ ഉറപ്പാക്കാൻ കഴിയാഞ്ഞതിനാൽ 3 (ഡി) വിഭാഗത്തിൽ പൊതു ചിഹ്നം അനുവദിച്ചില്ല. 92 പേരും വെവ്വേറെ ചിഹ്നത്തിലായിരിക്കും മത്സരിക്കുക.
വെളളാപ്പളളി അനുകൂല പക്ഷത്തും എതിർപക്ഷത്തും സി.പി.എം നേതാക്കൾ മത്സരിക്കുന്നുണ്ട്.തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് വെളളാപ്പളളി പക്ഷക്കാരനായി മത്സരിക്കുമ്പോൾ സി.പി.എം ചെത്തി എൽ.സി സെക്രട്ടറി എം.എസ്.അനിൽകുമാർ എതിർപക്ഷത്ത് മത്സരിക്കുന്നുണ്ട്.എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന, ആത്മഹത്യചെയ്ത കെ.കെ.മഹേശന്റെ അനന്തിരവനാണ് എം.എസ്.അനിൽകുമാർ. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റായ പി.എസ്.ജ്യോതിസ് പാർട്ടിയുടെ അനുവാദം വാങ്ങിയാണ് മത്സരിക്കുന്നത്.ഇതിനിടെ 18ന് നടക്കുന്ന 3 (ഇ) വിഭാഗത്തിലെ മത്സരത്തിൽ എതിർ ചേരിയിൽ കൊല്ലത്ത് മത്സരിക്കുന്ന സി.പി.എം അംഗങ്ങളെ ജില്ലാ നേതൃത്വം ഇടപെട്ട് പിൻമാറ്റിയിരുന്നു. 26ന് നടക്കുന്ന 3 (ഡി) വിഭാഗത്തിലെ തിരഞ്ഞെടുപ്പിൽ ഇരു ചേരികളിലും സി.പി.എം നേതാക്കൾ മത്സരിക്കുന്നുണ്ട്.