a

മാവേലിക്കര: കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്കാരം മാവേലിക്കര സുദർശനന് അർഹതയുടെ അംഗീകാരമായി.

അനീതികൾക്കെതിരെ ഒറ്റയാൾ സമര പോരാട്ടത്തിലൂടെ നാടറിയുന്ന സുദർശനനെ (62) തേടിയെത്തിയത് അര ദശാബ്ദക്കാലത്തെ കലാപ്രവർത്തനത്തിനുള്ള അംഗീകാരമാണ്. മാവേലിക്കര കണ്ടിയൂർ ശ്രീവിജയ ഭവനത്തിൽ സുദർശനൻ 46 വർഷത്തെ കലാ പ്രവർത്തനം ആരംഭിക്കുന്നത് 1973ൽ പി.ജെ.ആന്റണിയുടെ കല്യാണച്ചിട്ടി എന്ന നാടകത്തിൽ പെൺവേഷം കെട്ടിയാണ്.

1977ൽ നെഹ്രു യുവകേന്ദ്രം സംഘടിപ്പിച്ച തിക്കുറിശ്ശി സുകുമാരൻ നായരുടെ ജീവിതയാത്ര എന്ന നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. 1979ൽ യുവകലാസാഹിതിയുടെ സംസ്ഥാന മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. മുഖ്യമന്ത്രിയായിരുന്ന പി.കെ. വാസുദേവൻ നായരാണ് അന്ന് അവാർഡ് നൽകിയത്. 1981ൽ യുവകലാസാഹിതി നടത്തിയ മോണോആക്ട് മത്സരത്തിൽ വിജയിയായപ്പോൾ മുഖ്യമന്ത്രി സി.അച്യുതമേനോനിൽ നിന്നാണ് അവാർഡ് വാങ്ങിയത്.

കായംകുളം ആനന്ദ നൃത്തകലാനിലയം, മാവേലിക്കര കേരള കലാ ഡാൻസ് അക്കാഡമി, കൊല്ലം അസീസി, ചങ്ങനാശ്ശേരി തരംഗ തീയ​റ്റേഴ്‌സ് എന്നീ ഗ്രൂപ്പുകളുടെ നാടകങ്ങളിൽ കേരളത്തിലും അന്യസംസ്ഥാനങ്ങളിലും അഭിനയിച്ചു. ഏപ്രിൽ 18, മണിച്ചെപ്പു തുറന്നപ്പോൾ, ശേഷക്രിയ, ഈറൻ സന്ധ്യ, പാച്ചുവും ഗോപാലനും എന്നീ ചലച്ചിത്രങ്ങളിലും പരിണയം, പട്ടുസാരി, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2013ൽ മികച്ച നടനുള്ള ഫോക് ലോർ അക്കാഡമി അവാർഡ്, ഫെലോഷിപ്പ്, നോർമ പുരസ്കാരം, കൺസ്യൂമർ ഫെഡറേഷൻ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2007ൽ ദി വീക് ഇംഗ്ലീഷ് മാസിക തിരഞ്ഞെടുത്ത 25 അസാധാരണ ഇന്ത്യക്കാരിൽ ഒരാളാകാനും സുദർശനന് കഴിഞ്ഞു. ഭാര്യ: ഹൈമവതി. മക്കൾ: മലരി, ദർശന.