photo

ചേർത്തല:അരനൂറ്റാണ്ടിലേറെ നാടകരംഗത്ത് നിറസാന്നിദ്ധ്യമായ ചേർത്തല രാജന് കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ്. കവി വയലാർ രാമവർമയുടെ ജീവിത കഥ പറഞ്ഞ കൊച്ചിൻ സംഗമിത്രയുടെ അമര ഗന്ധർവനിൽ വയലാറായി അഭിനയിച്ചത് രാജനായിരുന്നു.

മുട്ടം എം.എം തിയ​റ്റേഴ്‌സിന്റെ ബ്ലാക്ക് മണി എന്ന നാടകത്തിൽ അന്തരിച്ച നടൻ രാജൻ പി. ദേവിനൊപ്പം സ്ത്രീവേഷത്തിലായിരുന്നു രാജൻ അരങ്ങിലെത്തിയത്.തുടർന്ന് ചിലപ്പതികാരത്തിൽ കോവിലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രൊഫഷണൽ നാടകത്തിൽ ചുവട് വച്ചു.മലയാള കലാഭവൻ,ചേർത്തല ഷൈലജ,ആലുവ ശാരിക, എറണാകുളം സർഗചേതന,കൊച്ചിൻ സംഘകല തുടങ്ങിയ സമിതികളുടെ നിരവധി നാടകങ്ങളിൽ വേഷമിട്ടു. ചേർത്തലയിലെ ആദ്യ പ്രൊഫഷണൽ നാടക സമിതിയായ യവനിക ആരംഭിച്ച് 24 നാടകങ്ങൾ സംവിധാനം ചെയ്ത് നായക വേഷമണിഞ്ഞു.നേവിയിൽ ജോലി ലഭിച്ചെങ്കിലും നാടകങ്ങളിൽ അഭിനയം തുടർന്നു. വയലാറിന്റെ വേഷം അരങ്ങിൽ അവതരിപ്പിച്ചത് ഏറെ ജനപ്രീതി നേടി.കൊല്ലം അശ്വതി ഭാവനയുടെ കുരങ്ങ് മനുഷ്യൻ എന്ന നാടകത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ചായക്കടക്കാരൻ, മദ്യലഹരിയിൽ കഴിയുന്ന വില്ലൻ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ഈ നാടകത്തിൽ രാജൻ അവതരിപ്പിക്കുന്നത്. 50 ഓളം നാടകങ്ങൾ 4500 ഓളം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. സെന്റ് മൈക്കിൾസ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെ കേരള സർവകലാശാല കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് വർഷമായി സംസ്ഥാന സ്‌കൂൾ കലോത്സവ വിധികർത്താവാണ്. 13 സീരിയലുകളിൽ വേഷമിട്ടു. സഹ്യന്റെ മകൻ, അന്തർജനം എന്നീ സിനിമകളിൽ അഭിനയിച്ചു. നഗരസഭ 26ാം വാർഡിൽ മഠത്തിൽ വീട്ടിലാണ് താമസം. ഭാരയ് : ഐബി.മക്കൾ:അർജ്ജുൻരാജ്,അനന്തുരാജ്.മരുമകൾ:രമ്യ.