ആലപ്പുഴ: ചോദ്യം ചെയ്യലിന് വിധേയരാകുന്നവർ എല്ലാം രാജിവയ്ക്കണമെങ്കിൽ എൻ.ഐ.എ വിചാരിച്ചാൽ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും രാജിവയ്ക്കേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആലപ്പുഴ ടൗൺഹാളിന് മുന്നിൽ മുൻമന്ത്രി ടി.വി.തോമസിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കാനം. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പുതിയ കീഴ് വഴക്കം സൃഷ്ടിക്കാൻ പാടില്ല. മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജി വയ്ക്കേണ്ട സാഹചര്യം ഇല്ല. അന്വേഷണ റിപ്പോർട്ടുകൾ വന്ന ശേഷം രാജിയെക്കുറിച്ച് ആലോചിക്കാം. ജുഡീഷ്യൽ കമ്മീഷന്റെ മുമ്പാകെ പോകുമ്പോഴോ ഹൈക്കോടതി പരാമർശം ഉണ്ടാകുമ്പോഴോ ആണ് രാജിവെക്കുന്ന സാഹചര്യം ഉണ്ടാകുന്നതെന്നും കാനംരാജേന്ദ്രൻ പറഞ്ഞു, മന്ത്രി പി.തിലോത്തമൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് എന്നിവരും കാനത്തോടൊപ്പം ഉണ്ടായിരുന്നു.