ആലപ്പുഴ: തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് ടി.വി.തോമസെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആലപ്പുഴ ടൗൺഹാളിൽ ടി.വി തോമസിന്റെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു കാനം . ആലപ്പുഴ ജില്ലയുടെ വളർച്ചയ്ക്കും പൊതുസമൂഹത്തിന്റെ ഉന്നതിക്കും ടി.വി.തോമസ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ട്രേഡ് യൂണിയൻ നേതാവ്, പ്രഗത്ഭനായ ഭരണാധികാരി, വാഗ്മി, സർവോപരി മനുഷ്യസ്‌നേഹി എന്നീ നിലകളിൽ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ടി.വി.തോമസിന്റേത്. കയർതൊഴിലാളികളുടെ വേതന വർദ്ധനവിന് വേണ്ടി ടി.വി നടത്തിയ സമരങ്ങൾ നിരവധിയാണെന്നും കാനംപറഞ്ഞു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.തിലോത്തമൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, ഡി.ലക്ഷ്മണൻ, തോമസ് ജോസഫ്, ഡി.ജ്യോതിമോൾ , റെമി നസീർ, എ.എസ്.കവിത എന്നിവർ പങ്കെടുത്തു.