photo
അറസ്റ്റിലായ കറുപ്പസ്വാമി

ആലപ്പുഴ: തമിഴ്‌നാട്ടിൽ നിന്നും വാഴക്കുല കയറ്റി വന്ന വാഹനത്തിൽ ലഹരിമരുന്ന് കടത്തിയ കേസിലെ മുഖ്യ പ്രതിയായ തമിഴ്‌നാട് സ്വദേശിയെ കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. തമിഴ്‌നാട് ചെങ്കോട്ട കെ.സി റോഡിൽ ഗുരുസ്വാമി സ്ട്രീറ്റിൽ കറുപ്പസ്വാമി(40) ആണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ,ആലപ്പുഴ സ്വദേശികളായ നഹാസ്, മഹേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഗുളികകൾ കടത്താൻ ഉപയോഗിച്ച വണ്ടിയുടെ ഉടമസ്ഥനായ തമിഴ്‌നാട് സ്വദേശിയുടെ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവായത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും കേസ് എടുത്ത് 30 ദിവസത്തിനിടയിൽ കേസിലെ പ്രധാന കണ്ണികളായ മൂന്ന് പേരെ എക്‌സൈസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. പിടിയിലായആലപ്പുഴക്കാരും രണ്ടും മൂന്ന് പ്രതികളായ നഹാസ്, മഹേഷ് എന്നിവർ കേരളത്തിലെ മയക്കുമരുന്ന് വിതരണക്കാർ ആണ്. കറുപ്പസ്വാമി തമിഴ്‌നാട്ടിലെ മയക്കുമരുന്ന് വിതരണക്കാരനാണ്. തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ മെഡിക്കൽ സ്റ്റോർ നടത്തുകയാണ് ഇയാൾ. മെഡിക്കൽ സ്റ്റോറിന്റെ മറവിലായിരുന്നു മയക്കുമരുന്ന് വിൽല്പന. വൻതോതിൽ ലഹരിമരുന്ന് ഗുളികകൾ വിതരണം ചെയ്തതിന്റെ രേഖകൾ എക്‌സൈസ് സംഘത്തിന് ലഭിച്ചു. മൂന്നാം പ്രതി മഹേഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കറുപ്പസ്വാമിയെ പറ്റിയുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചത്.
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന നിരവധി സംഘങ്ങളുടെ വിവരങ്ങൾ ഇയാളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തിനെ ചുമതലപ്പെടുത്തി. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവ്, സിവിൽ എക്‌സൈസ് ഓഫീസറായ ക്രിസ്റ്റിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ബീന, ശാലിനിശശി, പ്രത്യേക ഷാഡോ സംഘാംഗങ്ങളായ ഷിഹാബുദ്ദീൻ, ഷാജി, സുജിത്ത്, അശ്വന്ത്.എസ്.സുന്ദരം, രാജഗോപാൽ എന്നിവരും ഉണ്ടായിരുന്നു.