ആലപ്പുഴ:ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യം മത്സ്യവ്യാപാരികൾ വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഹാർബർ ടു മാർക്കറ്റ് എന്ന പദ്ധതിയാണ് ഇതിനായി മത്സ്യഫെഡിന്റെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്. കരുവാറ്റയിൽ മത്സ്യഫെഡിന്റെ ഫിഷ് മാർട്ടും മത്സ്യസംഭരണകേന്ദ്രവും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
പച്ച മത്സ്യത്തിന് പുറമെ മത്സ്യ അച്ചാറുകൾ, മത്സ്യ കട്ലറ്റ്, റെഡി ടു ഈറ്റ് ( ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപ്പൊടി ), മത്സ്യകറിക്കൂട്ടുകൾ തുടങ്ങിയവയും ഈ മത്സ്യ മാർട്ട് വഴി ലഭ്യമാവും. രാവിലെ 8 മണി മുതൽ രാത്റി 8 മണി വരെയാണ് പ്രവർത്തന സമയം.
ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് സി. സുജാതക്ക് മത്സ്യം കൈമാറി ആദ്യ വിൽപ്പന രമേശ് ചെന്നിത്തല നിർവഹിച്ചു. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ലോറൻസ് ഹറോൾഡ്, മത്സ്യഫെഡ് ജില്ലാ മാനേജർ കെ സജീവൻ, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.