s

കുട്ടനാട് അരി എന്ന ബ്രാൻ്ഡ് ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംയോജിത റൈസ് പാർക്ക്

ആലപ്പുഴ : എൽ.ഡി.എഫ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള രണ്ടാം കുട്ടനാട് പാക്കേജ് 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. പ്രളയാനന്തര കുട്ടനാടിനെ പുനരുജ്ജീവിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് പദ്ധതിക്കുള്ളതെന്നും വിവിധ വകുപ്പുകളിൽ കൂടി 2447 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡും കിഫ്ബിയും ബന്ധപ്പെട്ട വകുപ്പുകളും റീബിൽഡ് കേരള ഇനിഷ്യേ​റ്റീവും ഏകോപിച്ച് നടപ്പാക്കുന്ന കുട്ടനാടിന്റെ രണ്ടാം പാക്കേജ് സമഗ്രപദ്ധതികളുടെ പ്രഖ്യാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്റി.

കുട്ടനാടൻ മേഖലയ്ക്കുള്ള കാർഷിക കലണ്ടർ അന്താരാഷ്ട്ര കായൽ ഗവേഷണ കേന്ദ്രം തയ്യാറാക്കി . ഹ്രസ്വകാല നെല്ലിനമായ 'ഉമ വിത്ത്' വികസിപ്പിക്കുന്നതിനുള്ള നടപടികൾ കാർഷിക സർവ്വകലാശാലയിൽ നടന്നുവരുന്നു.
കുട്ടനാട് അരി എന്ന ബ്രാൻ്ഡ് ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആലപ്പുഴയിൽ ഒരു സംയോജിത റൈസ് പാർക്ക് സ്ഥാപിക്കാനുള്ള നടപടികൾ സെപ്റ്റംബർ 30നകം തയ്യാറാക്കി സമർപ്പിക്കാൻ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്റിമാരായ ജി.സുധാകരൻ, ടി.എം. തോമസ് ഐസക്ക്, ഇ.പി .ജയരാജൻ, കെ.രാജു, കെ.കൃഷ്ണൻകുട്ടി, വി.എസ്. സുനിൽകുമാർ, എ.സി.മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, എം.എം .മണി തുടങ്ങിയവരും പങ്കെടുത്തു.

രണ്ടാം പാക്കേജിന്റെ ലക്ഷ്യം

 കുട്ടനാട്ടിലെ കാർഷികമേഖലയുടെ വളർച്ചയും കർഷകവരുമാനത്തിന്റെ തോതും വർദ്ധിപ്പിക്കുക

 വേമ്പനാട്ട് കായൽ വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങൾ താങ്ങാൻ കഴിയുന്ന സ്ഥിതിയിലാക്കുക

 പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാൻ പ്രാപ്തരാക്കുക

പദ്ധതി വിഭാവനം ചെയ്യുന്നത്

കുട്ടനാടിനെ പ്രത്യേക കാർഷികമേഖലയായി പ്രഖ്യാപിക്കുക

കുട്ടനാട്ടിൽ പ്രത്യേക കാർഷിക കലണ്ടർ നിർബന്ധമാക്കുക

കൃത്യസമയത്തു നല്ലയിനം വിത്തുകൾ വിതരണംചെയ്യുക

ആവശ്യമായ വിത്തിനങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുക

പെട്ടിയും പറയും മാ​റ്റി പുതിയ സബ്‌മേഴ്സിബിൾ പമ്പ് വിതരണം ചെയ്യുക

13,632 ഹെക്ടർ പ്രദേശത്ത് 'ഒരു നെൽ ഒരു മീൻ' പദ്ധതി വരുന്ന സീസണിൽ നടപ്പാക്കും

89 സ്വയംസഹായ സംഘങ്ങൾക്ക് 1.79 കോടി രൂപ വായ്പയായി നൽകും

20 :കുളവാഴ നിർമാർജനത്തിനായി 20 ലക്ഷം ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും

 നദിയ്ക്കൊരിടം പദ്ധതി
ജലസേചനമേഖലയിൽ 'നദിയ്‌ക്കൊരിടം' എന്ന ആശയം നടപ്പാക്കും. പമ്പയിൽ മൂന്നു പ്രളയ റെഗുലേ​റ്ററുകൾ സ്ഥാപിക്കുക, എ. സി കനാൽ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തീകരിക്കുക, വേമ്പനാട് കായലിന്റെ അതിർത്തികൾ അളന്നുതിട്ടപ്പെടുത്തി കയ്യേ​റ്റങ്ങളിൽ നിന്ന് സംരക്ഷിക്കുക,പാടശേഖരങ്ങളുടെ പുറംബണ്ട് നിർമ്മാണത്തിനു 'കംപാർട്ട്‌മെന്റലൈസേഷൻ' നടപ്പിലാക്കുക തുടങ്ങിയവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

റോഡ് വികസനം

പൊതുമരാമത്ത് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 1.50 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന നെടുമുടി-കുപ്പപ്പുറം റോഡ്, 3.50 കോടി രൂപ ചെലവിൽ നിർമിക്കുന്ന മങ്കൊമ്പ് എ.സി റോഡ് മുതലുള്ള ചമ്പക്കുളം ഗവ.ഹോസ്പി​റ്റൽ റോഡ്, 3.30 കോടി രൂപ ചെലവിൽ നിർമിക്കുന്ന മുട്ടാർ സെൻട്രൽ റോഡ് എന്നിവ വരുന്ന നാലു മാസത്തിനുള്ളിൽ പൂർത്തീകരിക്കും.

സബ് സ്​റ്റേഷനുകൾ

രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി കെ.എസ് .ഇ .ബിയുടെ മൂന്ന് സബ് സ്​റ്റേഷനുകൾ നിർമ്മിക്കും. കുട്ടനാട്ടിൽ നിലവിലുള്ള 66 കെ.വി സബ്‌സ്​റ്റേഷൻ 110 കെ.വി യായി ഉയർത്തുക, കാവാലത്ത് പുതിയ 110 കെ.വി സബ്‌സ്​റ്റേഷൻ സ്ഥാപിക്കുക, കിടങ്ങറയിൽ പുതിയ 33 കെ.വി സബ്‌സ്​റ്റേഷൻ എന്നിവയാണവ. ഇതുവഴി കുട്ടനാട്ടിലെ കർഷകർക്ക് തടസ്സരഹിതമായി വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകും. 110 കെ.വി ലൈൻ നിർമാണത്തിന് കാവാലത്ത് ഭൂമി കണ്ടെത്തി. 18 മാസത്തിനുള്ളിൽ പൂർത്തിയാക്കും.

 കുടിവെള്ളപ്രശ്നത്തിന് പരിഹാരം

കിഫ്ബി പദ്ധതിയായ 291 കോടി രൂപയുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ വികസനം സത്വരമായി നടപ്പാക്കും. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഇത് സഹായകമാകും. ഇതിനാവശ്യമായ 1.65 ഏക്കർ ഭൂമി തലവടി, കുന്നുമ്മ, വെളിയനാട് വില്ലേജുകളിൽ ഏ​റ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.