ആലപ്പുഴ: ആലപ്പുഴ ശുചിത്വ നഗരമായി നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പ്രഖ്യാപിച്ചു. ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും ശുചിത്വ പ്രഖ്യാപനത്തിനുള്ള മനദണ്ഡങ്ങളിൽ 93 മാർക്ക് നേടിയാണ് ആലപ്പുഴ നഗരം മറ്റ് ജില്ലകൾക്കും നഗരങ്ങൾക്കും മാതൃകയായത്. ഉറവിട മാലിന്യ സംസ്‌കരണം, ഹരിത കർമ സേന പ്രവർത്തനം, പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ്, പൊതു ശുചിമുറികളുടെ ഉപയോഗം, പ്ലാസ്റ്റിക് നിരോധനം, പൊതു നിരത്തുകളുടെ വൃത്തി, മാലിന്യം വലിച്ചെറിയുന്നവർക്കുള്ള പിഴയീടാക്കൽ എന്നിവ അടിസ്ഥാനമാക്കിയാണ് 93 മാർക്ക് നഗരസഭയ്ക്ക് ലഭിച്ചത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി അവാർഡുകൾ ആലപ്പുഴ നഗരസഭക്ക് ലഭിച്ചിട്ടുണ്ട്. ലോക ബാങ്കിൽനിന്നും ലഭിക്കുന്ന 30.3 കോടി രൂപ ഉപയോഗിച്ച് നഗരം കൂടുതൽ നവീനമാക്കുമെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും ആദരിക്കുെമന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ഉപാദ്ധ്യക്ഷ ജ്യോതിമോൾ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എ.റസാഖ്, ബഷീർ കോയാ പറമ്പിൽ, ബിന്ദു തോമസ്, മോളി ജേക്കബ് എന്നിവരും പങ്കെടുത്തു.