ഹരിപ്പാട്: വളരെ അസാധാരണമായ സംഭവമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയായ കെ.ടി ജലീൽ തലയിൽ മുണ്ടിട്ടാണ് എൻ.ഐ.എ ഓഫീസിലേക്ക് പോയത്. ഷെഡ്യുൾഡ് കുറ്റങ്ങൾ ചെയ്തു എന്ന് സംശയമുള്ളവരെയാണ് എൻ.ഐ.എ ചോദ്യം ചെയ്യാറുള്ളത്. കള്ളക്കടത്ത്, തീവ്രവാദം , രാജ്യത്തിന്റെ അഖണ്ഡതെക്കെതിരായ പ്രവർത്തനം തുടങ്ങിയവയാണ് ഷെഡ്യുൾഡ് കുറ്റകൃത്യങ്ങൾ. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനായി എന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. ഇനിയെങ്കിലും മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. . ഓരോ ദിവസം കഴിയുന്തോറും ഓരോ അഴിമതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സ്പ്രിംഗ്‌ളർ, ബെവ്‌കോ, പമ്പയിലെ മണൽ കടത്ത്, ഇ മൊബിലിറ്റി എന്നിവയും ഇപ്പോൾ പുറത്ത് വന്ന ലൈഫ് അഴിമതിയുമെല്ലാം സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. നാളെ അന്വേഷണം തന്റെ ഓഫീസിലേക്കും തന്നിലേക്കും നീങ്ങും എന്ന ഭയം കൊണ്ടാണ് ജലീൽ രാജിവയ്ക്കേണ്ട എന്ന് മുഖ്യമന്ത്രി പറയുന്നത്‌ . പ്രതിപക്ഷം കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. സർക്കാർ രാജിവച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.