ചേർത്തല:തണ്ണീർമുക്കത്ത് വ്യാഴാഴ്ച നടത്തിയ കൊവിഡ് പരിശോധനയിൽ മുഴുവൻ പേരും നെഗറ്റീവായി.ജില്ലാമെഡിക്കൽ ഓഫീസറുടെ കീഴിലുള്ള മൊബൈൽ കോവിഡ് പരിശോധനാ ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രാമപഞ്ചായത്തിൽ ഇനിമുതൽ ഗർഭിണികൾ,നവജാത ശിശുവും അമ്മയും,മാരകമായ രോഗങ്ങൾ ഉളളവർ,മറ്റ് രോഗങ്ങൾ ഉള്ളവർ,പ്രതിരോധ ശേഷി കുറഞ്ഞവർ,പന്ത്റണ്ട് വയസിന് താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവർ എന്നിവരൊഴികെയുള്ളവർക്ക് ഭവനങ്ങളിൽ തന്നെ കൊവിഡ് 19 ചികിത്സ ലഭ്യമാക്കുന്ന ടെലിമെഡിസിൻ സംവിധാനത്തോടുകൂടിയുള്ള ഗൃഹചികിത്സാ രീതി വിജയകരമായി നടപ്പിലാക്കി. കൊവിഡ് പോസിറ്റീവായ രോഗി ഗൃഹ ചികിത്സയിലൂടെ രോഗവിമുക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പോസിറ്റീവായ മൂന്ന് പേർകൂടി ഗൃഹ ചികിത്സ പദ്ധതിയിൽ പങ്കാളികളായി ചികിത്സ ആരംഭിച്ചു.ദിവസേനേ ഫോൺ മുഖേനേയുള്ള അന്വേഷണവും ടെലിമെഡിസിൽ സംവിധാനത്തോടു കുടിയുള്ള ചികിത്സയും ഫിങ്കർ പൾസ് ഒക്സീമീറ്റർ അളവ് റിപ്പോർട്ടിലൂടെയുമാണ് പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളതെന്ന് മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി പറഞ്ഞു. ഇതിനായി അൻപത് ഫിങ്കർ പൾസ് ഓക്സീമീറ്റർ കൂടി വാങ്ങുന്നതിന് പഞ്ചായത്ത് അംഗീകാരം നൽകി. രോഗിയുമായി ടെലി കൺസൾട്ടേഷൻ നടത്തുമ്പോൾ രോഗിയുടെ പൂർണ്ണ സഹകരണത്തോടുകൂടി കൈമാറുന്ന വിവരങ്ങൾ മെഡിക്കൽ ടീം ക്രോഡീകരിച്ച് ജില്ലാതലത്തിലേക്ക് റിപ്പോർട്ട് ചെയ്യുന്നതാണ് പ്രവർത്തന രീതി. സാമ്പിൾ പരിശോധനയിലൂടെ രോഗ നിർണയം നടത്തി പോസിറ്റീവാണെന്ന് ഉറപ്പായാൽ ഐസൊലേഷനുവേണ്ടി മാറ്റിവെച്ച മുറിയിൽ ശരിയായ വായു സഞ്ചാരവും ടോയ്ലറ്റ് സംവിധാനവും ഉറപ്പ് വരുത്തി മുറിക്കുളളിൽ തന്നെ ചികിത്സ ഒരുക്കും. പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ ടീം അനുബന്ധ ചെക്ക് ലിസ്റ്റിന്റെ സഹായത്തോടെ രണ്ട് ദിവസത്തിലൊരിക്കൽ നിരീക്ഷിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് പറഞ്ഞു.