ഹരിപ്പാട്: ഇടനിലക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യം മത്സ്യവ്യാപാരികൾ വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. കരുവാറ്റയിൽ മത്സ്യഫെഡിന്റെ ഫിഷ് മാർട്ടും മത്സ്യസംഭരണകേന്ദ്രവും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹാർബർ ടു മാർക്കറ്റ് എന്ന പദ്ധതിയാണ് ഇതിനായി മത്സ്യഫെഡിന്റെ സഹകരണത്തോടുകൂടി ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ഇത്തരത്തിൽ പദ്ധതി നടപ്പാക്കുമ്പോൾ പഞ്ചായത്ത് തലങ്ങളിൽ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള മത്സ്യമാർക്കറ്റുകൾ പ്രവർത്തനം ആരംഭിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കരുവാറ്റ കടുവംകുളങ്ങര ബസ് സ്റ്റോപ്പിന് സമീപമാണ് ഫിഷ് മാർട്ട് പ്രവർത്തനം ആരംഭിച്ചത്. ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് സി.സുജാതയ്ക്ക് മത്സ്യം കൈമാറി ആദ്യ വിൽപനയും ചെന്നിത്തല നിർവഹിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ലോറൻസ് ഹറോൾഡ്, മത്സ്യഫെഡ് ജില്ലാ മാനേജർ കെ.സജീവൻ, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യഫെഡിന്റെ 'ഹാർബർ ടു മാർക്കറ്റ്' പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം നേരിട്ട് അവരിൽനിന്ന് സംഭരിച്ച് ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് വേണ്ടി ജില്ലയിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഫിഷ് മാർട്ടും ജില്ലയിലെ ആദ്യത്തെ മത്സ്യസംഭരണ കേന്ദ്രവുമാണ് കരുവാറ്റയിലേത്. പച്ച മത്സ്യത്തിന് പുറമെ മത്സ്യ അച്ചാറുകൾ, മത്സ്യ കട്‌ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപ്പൊടി, മത്സ്യകറിക്കൂട്ടുകൾ, കയ്‌റ്റോൺ ഗുളികകൾ തുടങ്ങിയവയും ഈ മത്സ്യ മാർട്ട് വഴി ലഭ്യമാവും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് മത്സ്യ മാർട്ടിന്റെ പ്രവർത്തന സമയം.